ആലപ്പുഴയില്‍ സര്‍വ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ പോകവേ എസ്ഡിപിഐ നേതാവിനെ കസ്റ്റഡിയിലെടുത്തു

navas naina

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ എസ്ഡിപിഐ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെയാണ് കസ്റ്റഡിയിലെടുത്തത്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ വരുന്ന വഴിയാണ് നവാസിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.
എന്തിനാണ് അദ്ദേഹത്തെ പിടികൂടിയതെന്ന് പോലിസ് വ്യക്തമാക്കിയിട്ടില്ല.

അന്യായമായാണ് പൊലീസ് നവാസിനെ കസ്റ്റഡിയിലെടുത്തതെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കലക്ടറേറ്റിലാണ് സര്‍വകക്ഷിയോഗം നടന്നത്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലയിലെ എംഎല്‍എമാരും പ്രധാന പാര്‍ട്ടി നേതാക്കളും ഉള്‍പ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ പോകവേയായിരുന്നു പോലിസ് നവാസിനെ കസ്റ്റഡിയിലെടുത്തത്.

കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാന് വെട്ടേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് മുതല്‍ മൃതദേഹം മറവ് ചെയ്യുന്നത് വരെ കൂടെയുണ്ടായിരുന്നയാളാണ് നവാസ് നൈനയെന്ന് എസ്ഡിപിഐ നേതാക്കള്‍ പറയുന്നു. ആലപ്പുഴയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ഷാനെ ഗുരുതര പരിക്കേറ്റ് നിലയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിലെ ഇന്‍ക്വസ്റ്റില്‍ ഒപ്പിട്ടത് പഞ്ചായത്ത് അംഗം എന്ന നിലക്ക് നവാസ് നൈനയാണ്.
ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുമ്പോള്‍ നവാസ് നൈന ആശുപത്രിയില്‍ ആയിരുന്നു എന്നതിന് പോലിസിന്റെ കൈയിലുള്ള ഈ ഔദ്യോഗിക രേഖ തന്നെ തെളിവാണെന്നും എസ്ഡിപിഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.