ചേര്‍ത്തല: ചേര്‍ത്തല വയലാറില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്ഷത്തിനിടിയിലാണ് വയലാര്‍ തട്ടാംപറമ്പ് രാഹുല്‍ ആര് കൃഷ്ണ എന്ന നന്ദു (22) കൊല്ലപ്പെട്ടത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പ്രദേശത്ത് വന്‍ പോലിസ് സന്നാഹമുണ്ട്.
രാത്രി എട്ട് മണിയോടെ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. സംഘര്‍ഷത്തിന്റെ ക്യത്യമായ കാരണം എന്താണെന്ന് അറിവായിട്ടില്ല. ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചാരണ ജാഥയ്ക്കു നേരെ ആര്‍എസ്എസ് ആക്രമണമുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതില്‍ പ്രതിഷേധിച്ച് രാത്രി പ്രകടനം നടത്തുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസുകാര്‍ സംഘടിച്ചെത്തുകയായിരുന്നുവെന്നാണ് വിവരം. ഇരു വിഭാഗത്തിന്റെയും പ്രകടനം നേര്‍ക്കുനേര്‍ വന്നത് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഇതിനിടയിലാണ് നന്ദു കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ആലപ്പുഴ ജില്ലയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ALSO WATCH