Saturday, July 24, 2021
Home News Kerala 17കാരിയെ ഗര്‍ഭിണിയാക്കി മുങ്ങിയ ടിക് ടോക് താരം വലയില്‍; കുരുക്കിയത് പോലിസിന്റെ പാസ്‌പോര്‍ട്ട് തന്ത്രം

17കാരിയെ ഗര്‍ഭിണിയാക്കി മുങ്ങിയ ടിക് ടോക് താരം വലയില്‍; കുരുക്കിയത് പോലിസിന്റെ പാസ്‌പോര്‍ട്ട് തന്ത്രം

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ടിക്ടോക് താരം അറസ്റ്റില്‍. അമ്പിളിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണ(19)യെയാണ് പോലീസ് പിടികൂടിയത് ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് വിദഗ്ധമായി കുരുക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്തതോടെ ടിക്ടോകിലും സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്ന അമ്പിളി ഒളിവില്‍ പോവുകയായിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തന്ത്രപൂര്‍വം കെണിയൊരുക്കിയാണ് വിഘ്‌നേഷിനെ പിടികൂടിയത്.

കഴിഞ്ഞ വര്‍ഷമാണ് തൃശ്ശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിയായ 17-കാരിയുമായി ടിക്ടോക് താരമായ അമ്പിളി പരിചയത്തിലാകുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള നിരന്തര ബന്ധത്തിലൂടെ അടുപ്പത്തിലായ പെണ്‍കുട്ടിയെ അമ്പിളി നേരില്‍ കാണുകയും ചെയ്തിരുന്നു. ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ്, സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ആഴ്ചകള്‍ക്ക് മുമ്പ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ പെണ്‍കുട്ടി പറയുകയും വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.

പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതോടെയാണ് അമ്പിളി ഒളിവില്‍പോയത്. തൃശ്ശൂര്‍ തിരൂരിലുള്ള ഒരു ബന്ധുവീട്ടിലാണ് യുവാവ് ഒളിവില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട്ടുനിന്ന് വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതി. ഈ സമയത്താണ് അമ്പിളി പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചിരുന്ന വിവരം പോലിസ് അറിഞ്ഞത്. തുടര്‍ന്ന് അമ്പിളിയുടെ പേരിലുള്ള പാസ്‌പോര്‍ട്ട് വന്നിട്ടുണ്ടെന്നും കൈപ്പറ്റണമെന്നുമുള്ള ‘കള്ളക്കഥ’ പോലിസ് തയ്യാറാക്കി. ഇക്കാര്യം പോസ്റ്റ് ഓഫിസിന്റെ സഹായത്തോടെ അമ്പിളിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് അമ്പിളിയുടെ പിതാവ് പാസ്‌പോര്‍ട്ട് വന്നിട്ടുണ്ടെന്ന കാര്യം അറിയിക്കാന്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ അമ്പിളി താമസിക്കുന്ന ബന്ധുവീട്ടിലേക്ക് ബൈക്കില്‍ പോയി. അമ്പിളിയുടെ വീടിന് ചുറ്റും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്ന പോലിസ് സംഘം പിതാവിനെ പിന്തുടര്‍ന്നു. തുടര്‍ന്നാണ് തിരൂരിലെ ബന്ധുവീട്ടില്‍നിന്ന് അമ്പിളിയെ കൈയോടെ പിടികൂടിയത്.

പോക്‌സോ വകുപ്പുകള്‍ക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിട്ടുണ്ട്.
ALSO WATCH

Most Popular