Friday, May 14, 2021
Home News Kerala യൂ ട്യൂബറിനെ മര്‍ദിച്ച കേസ്; ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുളളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം

യൂ ട്യൂബറിനെ മര്‍ദിച്ച കേസ്; ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുളളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: യു ടൂബില്‍ സ്ത്രീകളെ അപമാനിച്ച് വീഡിയോ പോസ്റ്റ് ചെയ്തയാളെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

സ്ത്രീകളെ അശ്ലീലം പറഞ്ഞ് വീഡിയോ സന്ദേശമിട്ടതിന് വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ സെപ്തംബര്‍ 26ന് വീട്ടില്‍ അതിക്രമിച്ചു കയറി ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ മര്‍ദിച്ചുവെന്നാണ് കേസ്. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് മൂവരും ഹൈകോടതിയെ സമീപിച്ചത്. യു ട്യൂബര്‍ മോശമായ വീഡിയോയാണ് പോസ്റ്റ് ചെയ്തതെങ്കില്‍ പോലും നിയമം കയ്യിലെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിലപാട്. വാദത്തിനിടെ ഹൈക്കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ വിജയ്. പി.നായര്‍ ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്കു വിളിച്ചതിനാലാണ് വീട്ടില്‍ പോയതെന്നും അവിടെ വച്ച് തങ്ങളെയാണ് അയാള്‍ ആക്രമിച്ചതെന്നുമായിരുന്നു ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ വാദം. ഇതിനിടെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത മര്‍ദ്ദനമേറ്റ വിജയ്. പി. നായര്‍ ഹരജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്നും ഹരജിക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മൂന്നുപേര്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

Most Popular