Sunday, June 13, 2021
Home News Kerala പ്രവാസി മൃതദേഹങ്ങളെ കുറിച്ച് അഷ്‌റഫ്‌ താമരശ്ശേരിയുടെ ഹൃദയ സ്പർശ്ശിയായ കുറിപ്പ്

പ്രവാസി മൃതദേഹങ്ങളെ കുറിച്ച് അഷ്‌റഫ്‌ താമരശ്ശേരിയുടെ ഹൃദയ സ്പർശ്ശിയായ കുറിപ്പ്

ദുബായ് :ഇന്നലെ നാല് മൃതദേഹങ്ങളാണ് എംബാമിംഗ് കഴിഞ്ഞ് നാട്ടിലേക്ക് അയച്ചത്. അതില്‍ കായംകുളം സ്വദേശി അരവിന്ദന്റെ മരണം വല്ലാതെ വേദനിപ്പിച്ചു.എല്ലാ മരണങ്ങളും വേദന തന്നെയാണ്,അതില്‍ ജീവിതത്തില്‍ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് വന്ന് വീഴുന്നവരുടെ മരണം നമ്മളെ വല്ലാതെ നൊമ്പരപ്പെടുത്തും.ആ നീറ്റല്‍ എത്ര ശ്രമിച്ചാലും നമ്മളെ കൂടെയുണ്ടാകും.

21 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശ്രീ അരവിന്ദന്‍ ജോലി അന്വേഷിച്ച് ഗള്‍ഫില്‍ വരുന്നത്.ഒരു സാധാരണ കുടുംബത്തില്‍ ചെത്ത് തൊഴിലാളിയുടെ മകനായി ജനിച്ച അരവിന്ദന് അവകാശപ്പെടാന്‍ പാരമ്പര്യമായ സ്വത്ത് വകകള്‍ ഒന്നും ഇല്ലായിരുന്നു.ദാര്യദ്രം നിറഞ്ഞ കുട്ടികാലം വിദ്യാഭ്യാസം പകുതിവെച്ച് നിര്‍ത്തി ജോലിക്ക് പോകേണ്ടി വന്നു,കൗമാരത്തില്‍ തന്നെ അമ്മയും അച്ഛനെയും നഷ്ടപ്പെട്ട അരവിന്ദന്‍ മൂത്തമകനായതിനാല്‍ ബാക്കി താഴെയുളള നാല് സഹോദരങ്ങളുടെ ഉത്തരവാദിത്വം അരവിന്ദന്റെതിലേക്ക് എത്തിചേര്‍ന്നു.അവിടെ നിന്നും ജീവിതം കെട്ടിപെടുത്താനുളള ഒരു നെട്ടോട്ടം ആയിരുന്നു.വിവാഹം കഴിഞ്ഞ് മൂന്ന് മക്കളും കൂടി കഴിഞ്ഞപ്പോള്‍ വിശപ്പിന്റെ എണ്ണം കൂടി,അങ്ങനെ ഇരിക്കുമ്പോഴാണ് അയല്‍വാസി മജീദിന്റെ സഹായത്തോട സ്‌ക്രാപ്പ് എടുക്കുന്ന ഒരു കമ്പനിയില്‍ ചെറിയൊരു ശമ്പളത്തിന് ദുബായിലേക്ക് വരുന്നത്.അവിടെ ജോലി ചെയ്ത് വരുമ്പോഴാണ്,അയാളുടെ ജീവിതത്തിലേക്ക് വീണ്ടും ദുരിതങ്ങളുടെ ഒരു പെരുമഴ പെയ്യുന്നത്. മൂത്തമകള്‍ക്ക് മാനസികമായ വൈകല്യങ്ങള്‍ കണ്ട് തുടങ്ങി,അതിന്റെ ചിക്‌സയിലേക്ക് മാസം തോറും ഒരു ഭീമമായ ഒരു തുക വേണ്ടി വരുകയും ചെയ്യും.രണ്ടാമത്തെ മകന്‍ തെങ്ങ് കയറുന്ന പണിക്ക് പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം തെങ്ങില്‍ നിന്ന് വീണ് ഒരു വശം തളര്‍ന്ന് കിടപ്പിലാവുകയും ചെയ്തു.മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന ഒരു പിതാവിന്റെ സ്വപ്നങ്ങളാണ് ഇവിടെ അവസാനിച്ചത്. എന്നാലും 9 ക്ലാസ്സില്‍ പഠിക്കുന്ന ഇളയമകനിലായിരുന്നു അരവിന്ദന്റെ പ്രതീക്ഷ.കഴിഞ്ഞ ആഴ്ച അവനും ഒരു ആക്‌സിഡന്റില്‍പ്പെട്ട് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ ആ പിതാവ് തകര്‍ന്നു പോയി. ആ തളര്‍ച്ചയില്‍ നിന്നുണ്ടായ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിചേരുന്നതിന് മുമ്പെ വേദനയില്ലാത്ത മറ്റൊരു ലോകത്തിലേക്ക് അരവിന്ദന്‍ യാത്രയായി. ഇത്രയൊക്കെയുളളു ഒരു മനുഷ്യന്റെ ജീവിതം. ഒരു ചെറിയൊരു വിഷമം വരുമ്പോള്‍ തളര്‍ന്നു പോകുന്ന നമ്മള്‍ മറ്റ് സഹജീവികളുടെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ നമ്മുടെ വേദനകള്‍,പ്രയാസങ്ങള്‍ എത്രയോ നിസ്സാരമാണ്.അരവിന്ദന്‍ പോയി, അയാളുടെ ദുഃഖങ്ങളും,പ്രായാസങ്ങളും അങ്ങനെ തന്നെ നില നില്‍ക്കുകയാണ്.

അരവിന്ദന്റെ വേര്‍പ്പാടില്‍ കുടുംബത്തിനുണ്ടായ വേദനയില്‍ പങ്ക് ചേരുന്നതോടപ്പം,പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

അഷ്റഫ് താമരശ്ശേരി

 

Most Popular