കൊച്ചി: കിഴക്കമ്പലത്ത് ക്രിസ്മസ് ആഘോഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികള്‍ പോലിസുകാരെ ആക്രമിച്ചു. പൊലീസ് ജീപ്പ് അക്രമികള്‍ കത്തിച്ചു. കുന്നത്തുനാട് ഇന്‍സ്പെക്ടര്‍ വി.ടി.ഷാജനടക്കം 5 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്.
കണ്ട്രോള് റൂമില്‍ ലഭിച്ച വിവരം അനുസരിച്ചാണ് പോലിസുകാര്‍ എത്തിയത്. എന്നാല്‍, തൊഴിലാളികള്‍ പോലിസുകാരെ ആക്രമിക്കുകയും കണ്ട്രോള് റൂം വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്തു.
ഈ സംഭവം അന്വേഷിക്കാനായി കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍നിന്നും എത്തിയവരെ തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയും ജീപ്പ് കത്തിക്കുകയും ചെയ്തു. പിന്നീട് ആലുവ എസ്പി കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം പൊലീസ് സ്ഥലത്തെത്തുകയും ഹോസ്റ്റലില്‍നിന്നും ബലംപ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയുമായിരുന്നു. നിലവില്‍ 150 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച രാവിലെ സംഭവസ്ഥലത്തു പോയ പോലിസുകാര്‍ക്കെതിരെയും ആക്രമണമുണ്ടായി. പോലിസ് ക്യാംപിലെ നാലു പേരെ ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസരത്ത് വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുകയാണ്.
മദ്യപിച്ച് പരസ്പരം ഉണ്ടായ തര്‍ക്കമാണ് പ്രശ്നത്തിന് തുടക്കമെന്ന് പോലീസ് പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ പോലും ഇവര്‍ മര്‍ദിച്ചു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു.