Sunday, September 19, 2021
Home News Kerala ഗള്‍ഫ് വ്യവസായി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന വാദം കള്ളം; 15കാരിയെ പീഡിപ്പിച്ച കേസില്‍ കുരുക്ക്...

ഗള്‍ഫ് വ്യവസായി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന വാദം കള്ളം; 15കാരിയെ പീഡിപ്പിച്ച കേസില്‍ കുരുക്ക് മുറുകി

തലശേരി: കണ്ണൂരില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പ്രമുഖ പ്രവാസി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വ്യാജം. ഷറാറ ബംഗ്ലാവില്‍ ഉച്ചുമ്മല്‍ കുറുവാന്‍ കണ്ടി ഷറഫുദ്ദീ(68)ന് ലൈംഗിക ശേഷി കുറവില്ലെന്ന് പുതിയ റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ വ്യവസായിയെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി വരുമെന്നാണ് അറിയുന്നത്.

ഇയാള്‍ ലൈംഗിക ശേഷി ഇല്ലാത്ത ആളാണെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പുനപ്പരിശോധിക്കാന്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ കോടതിയില്‍ അപേക്ഷ നല്‍കിയരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ വി മൃദുലയുടെ ഉത്തരവ് പ്രകാരമാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഇയാള്‍ക്ക് ലൈംഗികശേഷി കുറവ് ഇല്ലെന്ന് കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് പരിശോധന നടന്നത്.

ഭാര്യയും മക്കളുമുള്ള വ്യവസായ പ്രമുഖനാണ് ലൈംഗിക ശേഷിയില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. മുപ്പത് ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ഷറാറ ഷറഫുവിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജില്ലാസെഷന്‍സ് കോടതി ജഡ്ജ് എ വി മൃദുലയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കുറ്റാരോപിതന്‍ തന്റെ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഇന്ത്യ വിട്ടു പോകാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും കേസ് നടപടികളില്‍ ഇടപെടുകയോ പരാതിക്കാരിയില്‍ സ്വാധീനം ചെലുത്താനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വ്യവസായിയുടെ തലശ്ശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പല്ല് ഡോക്ടറുടെ അടുത്തേക്കെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഒപ്പം കൂട്ടിയത്. ഇവിടെ നിന്ന് ഇയാള്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. രക്ഷപ്പെട്ട് വീട്ടില്‍ തിരിച്ചെത്തിയ കുട്ടി വിവരം അമ്മയോട് പറഞ്ഞപ്പോഴാണ് സംഭവം എല്ലാവരും അറിയുന്നത്.

തുടര്‍ന്ന് ധര്‍മ്മടം പോലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മാസം 28 നാണ് ഷറഫുദ്ദീനെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മാവനും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം. വ്യവസായിയെ പ്രദേശിക സിപിഎം നേതാക്കള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
ALSO WATCH

Most Popular