Friday, June 18, 2021
Home News Kerala ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം വകമാറ്റി; ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിദേശ ഫണ്ട് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയേക്കും; കടലാസ് സംഘടനകളിലൂടെ...

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം വകമാറ്റി; ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിദേശ ഫണ്ട് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയേക്കും; കടലാസ് സംഘടനകളിലൂടെ കോടികള്‍ പിരിച്ചു

പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ എഫ്‌സിഐര്‍ഐ ലൈസന്‍സ് റദ്ദാക്കിയേക്കുമെന്ന് സൂചന. എഫ്‌സിആര്‍ഐയുടെ മറവില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെത്തിയിരുന്ന കോടിക്കണക്കിന് രൂപ വിവിധ ആവശ്യങ്ങള്‍ക്കായി വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ് ബിലീവേഴ്‌സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിലൂടെ പുറത്ത് വരുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്‌സ് ആഗോളതലത്തില്‍ സഹായം സ്വീകരിച്ചത്. ലാസ്റ്റ് അവര്‍ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിള്‍ ട്രസ്റ്റ്, എന്നീ പേരുകളിലാണ് സഭയുടെ ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 30 ഓളം കടലാസ് സംഘടനകളുടെ രേഖകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ ട്രസ്റ്റുകളുടെ പേരിലും സ്ഥാപനം പണമിടപാട് നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് രേഖകളും ഫയലുകളും വിശദമായി പരിശോധിച്ച ശേഷമാകും എഫ്‌സിആര്‍ഐ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുക.

അതേസമയം വിദേശ ബന്ധമുള്ള സാമ്പത്തിക ക്രമക്കേട് സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ കേസ് ഏറ്റെടുത്ത് അന്വേഷിക്കാനുള്ള സാധ്യതയും തെളിയുകയാണ്. ആദായ നികുതി വകുപ്പ് കണ്ടെത്തിയ രേഖകളും തെളിവുകളും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയേക്കും.

ബിലീവേഴ്‌സ് സഭ തലവന്‍ ബിഷപ്പ് കെ പി യോഹന്നാന്‍ അമേരിക്കയിലാണ്. സ്ഥാപനത്തിന്റെ മറ്റ് നടത്തിപ്പുകാരുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഐടി അന്വേഷിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് തുടങ്ങിയ പരിശോധന ഇപ്പോഴും വിവിധ ഇടങ്ങളില്‍ തുടരുകയാണ്. ഇതുവരെ 14.5 കോടി രൂപയാണ് പണമായി പിടിച്ചെടുത്തത്.

അതേസമയം, സഭയെ അപകീര്‍ത്തിപ്പെടുത്തിയ സംഭങ്ങള്‍ക്ക് പിന്നില്‍ ചില നടത്തിപ്പുകാരാണെന്നാരോപിച്ച് ബിലീവേഴ്‌സ് സേവ് ഫോറവും രംഗത്തെത്തി.


 

Most Popular