Friday, August 6, 2021
Home News Kerala സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് മാഫിയയുമായി ബന്ധം; കോടിയേരിയുടെ മകന്‍ സംശയത്തിന്റെ നിഴലില്‍

സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് മാഫിയയുമായി ബന്ധം; കോടിയേരിയുടെ മകന്‍ സംശയത്തിന്റെ നിഴലില്‍

കൊച്ചി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയെ സംശയത്തിന്റെ നിഴലിലാക്കി ബംഗളുരുവില്‍ ലഹരി മരുന്നു കേസില്‍ പിടിയിലായ പ്രതിയുടെ മൊഴി. എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ മൊഴിയിലാണ് ബംഗളുരു കമ്മനഹള്ളിയില്‍ ഹയാത്ത് എന്ന ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് പണം നല്‍കി സഹായിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രതികള്‍ക്കെതിരായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍. 2015ലാണ് പണം നല്‍കിയിരിക്കുന്നത്. 2018ല്‍ അനൂപ് ബിസിനസില്‍ തകര്‍ച്ച നേരിട്ടതോടെ ഹോട്ടല്‍ നടത്തിപ്പ് മറ്റൊരു ഗ്രൂപ്പിന് കൈമാറിയെന്നും പറയുന്നുണ്ട്. അനൂപിനെ പലപ്രാവശ്യമായി ആറു ലക്ഷം രൂപയോളം കടം നല്‍കി സഹായിച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരിയും സമ്മതിച്ചിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം ഹെന്നൂര്‍ റിങ് റോഡില്‍ രണ്ടു പങ്കാളികള്‍ക്കൊപ്പം മറ്റൊരു ഹോട്ടല്‍ തുടങ്ങുന്നതിന് നടപടികള്‍ ആരംഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയില്‍ അത് പൂര്‍ത്തിയാക്കാനായില്ല. ഈ സമയമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഡ്രഗ് ബിസിനസ് പരീക്ഷിക്കുന്നതിന് തീരുമാനിച്ചതെന്ന് അനൂപ് എന്‍സിബിക്കു നല്‍കിയ മൊഴിയില്‍ പറയുന്നു.

എന്നാല്‍, അനൂപിന്റെ ലഹരി ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ അറിയില്ലെന്നാണ് ബിനീഷിന്റെ വാദം. മുഹമ്മദ് അനൂപിന്റെ വീട്ടുകാരുമായും അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ അനൂപിന്റെ ഈ ഒരു മുഖത്തെക്കുറിച്ച് അറിയില്ലെന്നും കോടിയേരി പറഞ്ഞു.

അതേ സമയം, ബിനീഷിനെതിരേ കടുത്ത ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് രംഗത്തെത്തി. സാമ്പത്തിക സഹായം നല്‍കുന്നത് അടക്കമുള്ള വളരെ അടുത്ത ബന്ധം മയക്കുമരുന്ന് കേസ് പ്രതികളുമായി ബിനീഷിന് ഉണ്ടെന്നാണ് ആരോപണം. ലഹരിമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന് ജൂലൈ 10ന് വന്ന കോളുകള്‍ പരിശോധിക്കണം. ആ ദിവസമാണ് സ്വപ്ന സുരേഷ് ബംഗളൂരുവില്‍ പിടിക്കപ്പെട്ടത്. അനൂപിന്റെ മൊഴിയില്‍ നിന്നു തന്നെ ബന്ധം വ്യക്തമാണെന്നും പി കെ ഫിറോസ് പറഞ്ഞു. സ്വര്‍ണക്കടത്ത് പ്രതി റമീസുമായും അനൂപിന് ബന്ധമുണ്ടെന്നും ഫിറോസ് ആരോപിച്ചു.


 

Most Popular