Wednesday, January 19, 2022
HomeNewsKeralaഹിന്ദുഐക്യവേദി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകര്‍; സംഘപരിവാര നീക്കം പൊളിഞ്ഞു

ഹിന്ദുഐക്യവേദി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകര്‍; സംഘപരിവാര നീക്കം പൊളിഞ്ഞു

മലപ്പുറം: മങ്കട രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച സംഭവം സിപിഎമ്മിന്റെ മേല്‍ചാര്‍ത്താനുള്ള ബിജെപി നേതാക്കളുടെ ശ്രമം പൊളിഞ്ഞു. വീട് ആക്രമിച്ച സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതോടെയാണ് സന്ദീപ് വാര്യര്‍ അടക്കമുള്ളവരുടെ നീക്കം പൊളിഞ്ഞത്.

കേസില്‍ സജീവ ബിജെപി പ്രവര്‍ത്തകരായ ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാര്‍ക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത് (29), മണ്ണാര്‍ക്കാട് പാലക്കയം പുത്തന്‍ പുരക്കല്‍ ജിജോ ജോണ്‍(30) എന്നിവരെയാണ് മങ്കട പോലിസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രാമപുരം കോനൂര്‍ കാവുങ്കല്‍ ചന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം വീട് തകര്‍ക്കുകയും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ ആണെന്ന് ആരോപിച്ച് സന്ദീപ് വാര്യര്‍ അടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ പ്രതിഷേധപ്രകടനം അടക്കം നടത്തിയിരുന്നു.

ശക്തമായ പൊലീസ് അന്വേഷണത്തില്‍ പരാതിക്കാരനും പ്രതികളും തമ്മില്‍ സാമ്പത്തികഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്ന് കണ്ടെത്തി. തുടര്‍ന്ന് സിസി ടിവി പരിശോധിക്കുകയും ചെയ്തതോടെ പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇതോടെയാണ് സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെയാണെന്ന് വ്യക്തമായത്.

പ്രതികള്‍ക്ക് പരാതിക്കാരനുമായുണ്ടായ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലന്നും പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

 

 

Most Popular