ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയ നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി; മൂന്ന് മണ്ഡലങ്ങളില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ഥി ഉണ്ടാവില്ല

bjp candidates

കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയ നടപടിയില്‍ കോടതിയിലും ബിജെപിക്ക് തിരിച്ചടി. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയ നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. തലശ്ശേരിയില്‍ എന്‍ ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്‌മണ്യന്റെയും ദേവികുളത്ത് ആര്‍ എം ധനലക്ഷ്മിയുടെയും പത്രികകളാണ് തള്ളിയത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടാവില്ല.

പത്രിക തള്ളിയതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി തള്ളണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

പിറവത്തു സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി റോബിന്‍ മാത്യുവിനു പത്രികയ്ക്കൊപ്പം വേണ്ട ഫോം എയും ബിയും നല്‍കാന്‍ ഇന്നു രാവിലെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തു പലര്‍ക്കും പല നീതിയാണെന്നും പത്രിക തള്ളപ്പെട്ട ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്‌മണ്യന്റെ അഭിഭാഷകന്‍ വാദിച്ചു. റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് ഓരോ സ്ഥലത്തും ഓരോ അളവുകോലാണെന്നു തലശ്ശേരിയിലെ സ്ഥാനാര്‍ഥി എന്‍. ഹരിദാസിന്റെ അഭിഭാഷകനും ആരോപിച്ചു.
ALSO WATCH