ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം

chennithala bjo

ആലപ്പുഴ: പ്രതിപക്ഷ നേതാവിന്റെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയില്‍ ബിജെപി ഭരണം പിടിച്ചു. മൂന്നാം തവണ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുനിന്നതോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. പതിനെട്ടംഗ ഭരണസമിതിയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ആറ് വീതവും സിപിഎമ്മിന് അഞ്ച് അംഗങ്ങളും ആണുള്ളത്. ഇവര്‍ക്ക് പുറമെ യുഡിഎഫ് വിമതനായി വിജയിച്ച സ്വതന്ത്രനുമുണ്ട്. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. ഈ വിഭാഗത്തില്‍ നിന്നുള്ളവര്‍ ബിജെപിക്കും സിപിഎമ്മിനും മാത്രമാണുള്ളത്.

കേവലഭൂരിപക്ഷമില്ലാത്ത പഞ്ചായത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസ് സിപിഎമ്മിനെ പിന്തുണച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്- സിപിഎം കൂട്ടുകെട്ട് ബിജെപി സംസ്ഥാനമൊട്ടാകെ പ്രചാരണ വിഷയമാക്കിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിജയമ്മ ഫിലേന്ദ്രന്‍ രാജിവെച്ചു.

എന്നാല്‍ ഇത്തവണ പക്ഷെ സിപിഎമ്മിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാതെ വോട്ടെടുപ്പില്‍ യുഡിഎഫ് വിട്ടുനിന്നു. യുഡിഎഫ് വിമതനും ഇത്തവണ ബിജെപിക്ക് വോട്ടുചെയ്തു. ഏഴ് വോട്ടുകള്‍ നേടി ബിജെപിയിലെ ബിന്ദു പ്രദീപ് ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റായി. അതേസമയം, ഭരണപ്രതിസന്ധിയുള്ള തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്.

ALSO WATCH: