Sunday, December 4, 2022
HomeNewsKeralaതട്ടേക്കാട് ബോട്ടപകടത്തില്‍ ബോട്ടുടമയുടെ ശിക്ഷ രണ്ട് വര്‍ഷമാക്കി

തട്ടേക്കാട് ബോട്ടപകടത്തില്‍ ബോട്ടുടമയുടെ ശിക്ഷ രണ്ട് വര്‍ഷമാക്കി

തട്ടേക്കാട്: തട്ടേക്കാട് ബോട്ടപകടത്തില്‍ ശിക്ഷിക്കപ്പെട്ട ബോട്ടുടമ പി.എം രാജുവിന്റെ ശിക്ഷ രണ്ട് വര്‍ഷമാക്കി കുറച്ചു. കീഴ്‌കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിനെതിരെ ബോട്ടുടമ നല്കിയ അപ്പീലിലാണ് ഹൈക്കോടതി നടപടി.

2007 ഫെബ്രുവരി 20നാണ് തട്ടേക്കാട് ഭൂതത്താന്‍ കെട്ട് അണക്കെട്ടിനു സമീപം ബോട്ട് മുങ്ങി 18 പേര്‍ മരണപ്പെടുന്നത്. അപകടത്തില്‍പ്പെട്ട ഫൈബര്‍ ബോട്ടില്‍ 37 പേര്‍ യാത്രചെയ്തിരുന്നു. അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഈ സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തില്‍ മരണമടഞ്ഞത്. വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണം എന്ന് അന്വേഷത്തില്‍ വ്യക്തമായിരുന്നു. അതോടൊപ്പം അപകടത്തില്‍പ്പെട്ട ശിവരഞ്ജിനി എന്ന ഫൈബര്‍ ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നു.

ആറു പേരെ മാത്രം കയറ്റാന്‍ അനുവാദമുള്ള ബോട്ടില്‍ മുപ്പതിലധികം പേരെ കയറ്റിയാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ട് ചെയ്തതിനാല്‍ പ്രതിക്ക് 5 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. തട്ടേക്കാട് ബോട്ട് ദുരന്തത്തിന് കാരണം അനാസ്ഥയാണെന്ന് ജസ്റ്റിസ് പരീത്പിള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊലപാതകമല്ലാത്ത നരഹത്യ, ഉദാസീനമായി ബോട്ട് ഓടിച്ച് അപകടം ക്ഷണിച്ചു വരുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബോട്ടുടമക്കെതിരെ നടപടി എടുത്തത്.

Most Popular