News Flash
X
പാണത്തൂരിലെ ബസ് അപകടം: ആറ് മരണം; അടിന്തര അന്വേഷണത്തിന് നിര്‍ദേശം

പാണത്തൂരിലെ ബസ് അപകടം: ആറ് മരണം; അടിന്തര അന്വേഷണത്തിന് നിര്‍ദേശം

personSJ access_timeSunday January 3, 2021
HIGHLIGHTS
കര്‍ണ്ണാടക സ്വദേശികളായ രാജേഷ്, രവി ചന്ദ്രന്‍, സുമതി, ജയലക്ഷ്മി, ശ്രേയസ്സ്, ആദര്‍ശ് എന്നിവരാണ് മരിച്ചത്. ശ്രേയസ്സും ആദര്‍ശും കുട്ടികളാണ്.

കാസര്‍കോട്: പാണത്തൂര്‍ പരിയാരത്ത് ബസ് നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് മരണം. മരിച്ചവരില്‍ കുട്ടികളുമുണ്ട്. നിരവധി പേര്‍ക്ക് പരിക്ക്. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. കര്‍ണ്ണാടക സ്വദേശികളായ രാജേഷ്, രവി ചന്ദ്രന്‍, സുമതി, ജയലക്ഷ്മി, ശ്രേയസ്സ്, ആദര്‍ശ് എന്നിവരാണ് മരിച്ചത്. ശ്രേയസ്സും ആദര്‍ശും കുട്ടികളാണ്.

വിവാഹ ചടങ്ങിന് കല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഉയര്‍ന്ന പ്രദേശത്തെ റോഡില്‍ നിന്നും താഴ്ഭാഗത്തുണ്ടായിരുന്ന വീടിന്റെ മുകളിലേക്ക് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു. ബസില്‍ എഴുപതോളം പേരുണ്ടായിരുന്നതായി കാസര്‍കോട് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിയാരം ഇറക്കത്തില്‍വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്കാണ് ബസ് മറിയുകയായിരുന്നു. നാട്ടുകാര്‍ അപകടം നടന്നയുടന്‍ തന്നെ ഓടിയെത്തുകയും പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രയിലെത്തിക്കുകയും ചെയ്തു .ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം അടിയന്തര അന്വേഷണത്തിന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.

SHARE :
folder_openTags
content_copyCategory