Friday, June 18, 2021
Home News Kerala കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരേ കേസെടുക്കാന്‍ ഉത്തരവ്

കെ കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരേ കേസെടുക്കാന്‍ ഉത്തരവ്

ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചു കുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി ബോര്‍ഡ് അംഗവുമായ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു. കെ കെ മഹേശന്റെ സഹായി കെ കെ അശോകനെതിരേയും കേസെടുക്കാന്‍ കോടതി ഉത്തരവില്‍ പറയുന്നു.

കെ കെ മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹരജിയിലാണ് ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്. മാരാരിക്കുളം പോലിസിനോടാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തി എഫ്‌ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉഷാദേവിയുടെ ഹരജി പരിഗണിച്ചത്. വെള്ളാപ്പള്ളി, അശോകന്‍, തുഷാര്‍ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളായി കേസെടുക്കാനാണ് കോടതിയുടെ നിര്‍ദേശം.

അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നത്. മഹേശന്റെ ആത്മഹത്യ വലിയ വിവാദമായതിന് പിന്നാലെ ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം എവിടെയും എത്താതെ വന്നതോടെയാണ് ഭാര്യ കോടതിയില്‍ എത്തിയത്.

Most Popular