Monday, October 25, 2021
HomeNewsKeralaചന്ദ്രിക പത്രത്തിലെ സാമ്പത്തിക തിരിമറി; കുഞ്ഞാലിക്കുട്ടി മൊഴി നല്‍കാന്‍ ഇഡി ഓഫിസിലെത്തി

ചന്ദ്രിക പത്രത്തിലെ സാമ്പത്തിക തിരിമറി; കുഞ്ഞാലിക്കുട്ടി മൊഴി നല്‍കാന്‍ ഇഡി ഓഫിസിലെത്തി

കൊച്ചി: ചന്ദ്രിക ദിനപത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഓഫിസിലെത്തി. ചന്ദ്രിക അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.

അതേസമയം ചന്ദ്രിക കേസില്‍ ഇഡി വിളിപ്പിച്ചത് സാക്ഷി ആയിട്ടാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്നത് തെറ്റാണെന്നും കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയിലാണ് ഇഡി കുഞ്ഞാലിക്കുട്ടിയെ വിളിപ്പിച്ചത്. രാവിലെ 11 മണിയോടെ ഹാജരാവാനാണ് കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെട്ടിരുന്നതെങ്കിലും നാല് മണിയോടെയാണ് അഭിഭാഷകനൊപ്പം അദ്ദേഹം ഹാജരായത്.

ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട വിശദീകരണമാണ് കുഞ്ഞാലിക്കുട്ടിയോട് ഇഡി ആരായുന്നത്. നേരത്തെ ദിനപത്രവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട പ്രതിനിധികളേയും ഇഡി ചോദ്യം ചെയ്തിരുന്നു.

ചന്ദ്രികയുമായി ബന്ധപ്പെട്ട തിരിമറികളെക്കുറിച്ചുള്ള വിവരങ്ങള്‍ കെ ടി ജലീല്‍ എംഎല്‍എയാണ് പുറത്തുവിട്ടത്. തുടര്‍ന്ന് യൂത്ത് ലീഗ് ദേശീയ നേതാവ് മുഈനലി തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.

 

Most Popular