Monday, October 25, 2021
HomeEntertainment'ചേര'യുടെ പോസ്റ്റര്‍; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കുഞ്ചാക്കോ ബോബന് നേരെ സൈബര്‍ ആക്രമണം

‘ചേര’യുടെ പോസ്റ്റര്‍; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കുഞ്ചാക്കോ ബോബന് നേരെ സൈബര്‍ ആക്രമണം

‘ചേര’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച നടന്‍ കുഞ്ചാക്കോ ബോബന് നേരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത തെറിവിളി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം. കുരിശില്‍ നിന്നിറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ‘ചേ’രയുടെ പോസ്റ്ററിന് സാമ്യമുണ്ടെന്നാണ് ക്രിസ്ത്യന്‍ ഐഡികളില്‍ നിന്നുള്ള കടന്നാക്രമണത്തിന് ഇടയാക്കിയത്. ഇതിന് ‘ചേര’ എന്ന് പേര് നല്‍കിയിരിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് വിദ്വേഷ പ്രചാരകരുടെ വാദം.

കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ‘ചേര’യുടെ പോസ്റ്റിന് താഴെയാണ് വിദ്വേഷ കമന്റുകള്‍. ചിത്രത്തിന്റെ ടീമിന് ആശംസകള്‍ അറിയിക്കുന്നു എന്ന ക്യാപ്ഷനോടുകൂടിയാണ് താരം പോസ്റ്റിട്ടത്.

നാദിര്‍ഷയുടെ ഈഷോ എന്ന സിനിമയുടെ പേര് കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നാദിര്‍ഷയുടെ മതം പറഞ്ഞായിരുന്നു ആക്രമണം. അതിന് പിന്നാലെയാണ് കുഞ്ചാക്കോ ബോബനും സമാനമായ രീതിയില്‍ ആക്രമണം നേരിടുന്നത്. എന്നാല്‍, ചേരയുടെ സംവിധായകന്‍ ലിജിന്‍ ജോസ് ആണ്. പങ്കുവച്ച കുഞ്ഞാക്കോ ബോബനും ക്രിസ്തുമത വിശ്വാസിയാണ്. എന്നാല്‍, സ്‌ക്രിപ്റ്റ് റൈറ്ററായ നജീം കോയയുടെ മതം ചൂണ്ടിക്കാട്ടിയാണ് ഇക്കുറി ആക്രമണമെന്നതാണ് രസകരമായ കാര്യം.

കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ഒരു സാമ്യവുമില്ലെന്ന് പറഞ്ഞുനില്‍ക്കാന്‍ ആകുമോ?… എന്നിട്ട് അതിനു പേര് കൊടുത്തത് ചേര എന്നും… കുഞ്ചാക്കോ ബോബന്റെയും പിന്തുണ നിരാശപ്പെടുത്തുന്നു. സിനിമക്കാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഇപ്പോള്‍ റീച്ച് കിട്ടാന്‍ മതവികാരം വൃണപ്പെടുത്തുക എന്ന മൂന്നാംകിട പരിപാടിയായി മാറുന്നു എന്ന് കമന്റുകളില്‍ പറയുന്നു.

എന്തിനാണ് മതമേതായാലും വിശ്വാസികളെ ചൊറിഞ്ഞു പബ്ലിസിറ്റി ഉണ്ടാക്കുന്നത്? തരംതാണ് അന്നം കഴിക്കണോ. തമ്പുരാന്‍ പൊറുക്കട്ടേയെന്ന് മനംനൊന്ത് പ്രാര്‍ത്ഥിക്കുന്നു. കോയ കുഴിച്ച കുഴിയില്‍ നിങ്ങള്‍ എല്ലാം വീണു പോയോ? അല്ലെങ്കില്‍ ഒന്നിച്ച എടുത്ത തിരുമാനമോ? എന്നും ചിലര്‍ കമന്റില്‍ ചോദിക്കുന്നു. മുസ്ലിംകളുടെ പണം വാങ്ങി മനപൂര്‍വ്വം ക്രിസ്്ത്യാനികളെ അപമാനിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ എന്നു വരെ ചിലര്‍ ആരോപിക്കുന്നു.

 

Most Popular