Monday, October 25, 2021
HomeNewsKeralaമലപ്പുറത്തെ ചായക്കടക്കാരന്റെ മകന് അമേരിക്കയില്‍ ഗവേഷണത്തിന് ആറ് കോടിയുടെ ഫെല്ലോഷിപ്പ്

മലപ്പുറത്തെ ചായക്കടക്കാരന്റെ മകന് അമേരിക്കയില്‍ ഗവേഷണത്തിന് ആറ് കോടിയുടെ ഫെല്ലോഷിപ്പ്

മലപ്പുറം: ചായക്കടക്കാരന്റെ മകനായ മലയാളി ഗവേഷണ വിദ്യാര്‍ഥിക്ക് അമേരിക്കയില്‍ പഠനത്തിന് കോടികളുടെ ഫെല്ലോഷിപ്പ്. ഷിക്കാഗോ സര്‍വകലാശാലയാണ് ആറ് കോടി രൂപയുടെ ഫെല്ലോഷിപ്പ് നല്‍കുന്നത്. മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശിയായ ഇഹ്സാനുല്‍ ഇഹ്തിസാമാണ് ഈ മിടുക്കന്‍.

ജാമിയ മില്ലിയ കേന്ദ്ര സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയാണ് ഇഹ്‌സാന്‍ ഷിക്കാഗോയിലേക്ക് പിഎച്ച്ഡി ചെയ്യാനായി തിരിക്കുന്നത്. സൗത്ത് ഏഷ്യന്‍ ലാഗ്വേജസ് ആന്‍ഡ് സിവിലൈസേഷന്‍ വകുപ്പിലാണ് ഇഹ്സാന്‍ ഗവേഷണം നടത്തുക.

സൗത്ത് ഏഷ്യന്‍ ലാഗ്വേജസ് ആന്‍ഡ് സിവിലൈസേഷനില്‍ ഈ വര്‍ഷം ഇഹ്സാനും ഒരു യുഎസ് വിദ്യാര്‍ഥിക്കുമാണ് ഫെല്ലോഷിപ്പ് ലഭിച്ചിട്ടുള്ളത്.

മഞ്ചേരി കാരക്കുന്ന് തൃക്കലങ്ങോട് ഹാജിയാര്‍ പടിയിലെ സുലൈമാന്‍-സുഹറ ദമ്പതികളുടെ മകനാണ് ഇഹ്സാനുല്‍ ഇഹ്തിസാം. രണ്ടു സഹോദരങ്ങളുണ്ട്. എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെ ഇഹ്സാന്റെ പഠനം കാരക്കുന്നിലെ അല്‍ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു.

ഇരിങ്ങല്ലൂര്‍ മജ്മഅ് എന്ന സ്ഥാപനത്തിലാണ് പ്ലസ് വണ്ണും പ്ലസ് ടുവും പൂര്‍ത്തിയാക്കിത്. ഡല്‍ഹി ജാമിയ മില്ലിയയിലായിരുന്നു ബിരുദ പഠനം നടത്തിയത്. ജെഎന്‍യുവില്‍ പി.ജിയും പൂര്‍ത്തിയാക്കി. പിതാവ് സുലൈമാന്‍ ചായക്കട നടത്തുകയാണ്.
ALSO WATCH

 

Most Popular