Monday, September 27, 2021
Home News Kerala പ്രവാസികളുടെ ക്വാരന്റൈന്‍ കാലയളവ് തീരുമാനിക്കുക സംസ്ഥാനം; കണ്ണൂരിലേക്കും വിമാനങ്ങള്‍ വരും

പ്രവാസികളുടെ ക്വാരന്റൈന്‍ കാലയളവ് തീരുമാനിക്കുക സംസ്ഥാനം; കണ്ണൂരിലേക്കും വിമാനങ്ങള്‍ വരും

തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്ന പ്രവാസികളുടെ ക്വാരന്റൈന്‍ കാലാവധി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാരന്റൈന്‍ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തത്തില്‍പ്പെട്ട കാര്യമാണ്. ഇതില്‍ കേന്ദ്ര നിര്‍ദേശം ലംഘിക്കുന്ന പ്രശ്‌നം വരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മടങ്ങി വരുന്ന പ്രവാസികളെ 14 ദിവസം ക്വാരന്റൈന്‍ ചെയ്യണം എന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍, സംസ്ഥാനത്ത് ഇത് ഏഴ് ദിവസമായിരിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കോവിഡ് ടെസ്റ്റ് നടത്താതെ വരുന്ന പ്രവാസികള്‍ നാട്ടില്‍ എത്തിയ ഉടനെ ക്വാരന്റൈനിലാക്കും. ഏഴാമത്തെ ദിവസം ഇവരെ പിസിആര്‍ ടെസ്റ്റിന് വിധേയരാക്കും. പിസിആര്‍ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവായാല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവര്‍ വീട്ടിലേക്ക് പോയി ക്വാരന്റൈനില്‍ തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെറിയ കുട്ടികളേയും വീടുകളിലായിരിക്കും ക്വാരന്റൈന്‍ ചെയ്യുക. രോഗികളായവരുടെ കാര്യത്തില്‍ കൃത്യമായ രോഗനിര്‍ണയം നടത്തിയ ശേഷം അതിന്റെ ഭാഗമായ തീരുമാനങ്ങളായിരിക്കും എടുക്കുക. ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ച് മാത്രമേ ക്വാറന്റൈന്‍ സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കണ്ണൂര്‍ വിമാനത്താവളത്തെയും പ്രവാസികളെ എത്തിക്കാനുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ പെടുത്തിക്കൊണ്ട് കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതായി മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തേ കേന്ദ്രം പ്രഖ്യാപിച്ച പട്ടികയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്ക് മാത്രമായിരുന്നു വിമാനങ്ങള്‍.

Chief Minister Pinarayi Vijayan said the state government would decide on the quarantine period of expatriates.


 

Most Popular