Monday, June 21, 2021
Home Ediotrs Pick ഓണ്‍ലൈനില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരഞ്ഞവരെ തേടി പോലിസ്; വലയിലായത് ഐടി മേഖലയിലും മറ്റും ഉയര്‍ന്ന ജോലികള്‍...

ഓണ്‍ലൈനില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരഞ്ഞവരെ തേടി പോലിസ്; വലയിലായത് ഐടി മേഖലയിലും മറ്റും ഉയര്‍ന്ന ജോലികള്‍ ചെയ്യുന്ന ചെറുപ്പക്കാര്‍

തിരുവനന്തപുരം: ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായി കേരള പോലിസിന്റെ സംസ്ഥാന വ്യാപക പരിശോധന. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തെളിവ് ശേഖരിച്ച് നടത്തിയ പരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ജില്ലാ പോലിസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ എഡിജിപി മനോജ് എബ്രഹാം അറിയിച്ചു.

സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡ്, ലാപ്‌ടോപ്, കംപ്യൂട്ടര്‍ എന്നിവ ഉള്‍പ്പെടെ 429 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്ന ഫോട്ടോകളും വീഡിയോകളും ഈ ഉപകരണങ്ങളില്‍ കണ്ടെത്തി. അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഭൂരിഭാഗവും.

അറസ്റ്റിലായവരില്‍ പലരും ഐടി മേഖലയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ജോലി നോക്കുന്ന ചെറുപ്പക്കാരാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവര്‍ ദൃശ്യങ്ങള്‍ അയച്ചിരുന്നതും സ്വീകരിച്ചിരുന്നതും. ഉപകരണങ്ങളില്‍നിന്നു ലഭിച്ച ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്നു പലരും കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവയ്ക്കാനുള്ള നിരവധി ടെലിഗ്രാം, വാട്‌സാപ്പ് ഗ്രൂപ്പുകളും റെയ്ഡില്‍ കണ്ടെത്താനായി.

പോലിസ് റെയ്ഡ് വ്യാപകമാക്കിയതോടെ വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ ദൃശ്യങ്ങള്‍ കണ്ടശേഷം ആധുനിക സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ അവ മായ്ച്ചുകളയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫോണുകള്‍ മൂന്നുദിവസത്തിലൊരിക്കല്‍ ഫോര്‍മാറ്റ് ചെയ്യുകയും ചെയ്യുന്നു. കുട്ടികളുമായുള്ള ലൈംഗികദൃശ്യങ്ങള്‍ പണം നല്‍കി ലൈവ് ആയി കാണാന്‍ അവസരം ഒരുക്കുന്ന ലിങ്കുകള്‍ നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സൈബര്‍ ഡോം, കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ നിരീക്ഷണങ്ങളെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് സംഘടിപ്പിച്ചത്. നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ALSO WATCH

 

Most Popular