പോത്തന്‍കോട്: കഴക്കൂട്ടത്ത് ഭരണകക്ഷി യൂണിയനുകളുടെ ഭീഷണിയെ തുടര്‍ന്ന് നൂറിലധികം പേര്‍ക്ക് ജോലി ലഭിക്കുമായിരുന്ന എട്ടുകോടിയുടെ ഷോപ്പിങ് മാള്‍ സംരംഭം പ്രവാസി മലയാളി ഉപേക്ഷിക്കാനൊരുങ്ങുന്നു. കഴക്കൂട്ടം ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന പ്രവാസി മലയാളി നസീറാണ് പരാതിയുമായി രംഗത്തെത്തിയത്. കയറ്റിറക്ക് കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ സൈറ്റിലേക്ക് സാധനങ്ങളുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി മടക്കിഅയക്കുന്നെന്നും കഴിഞ്ഞ ദിവസം സൈറ്റിലെത്തി യൂണിയന്‍കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും നസീര്‍ ആരോപിച്ചു.
ഇതുസംബന്ധിച്ച് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ക്കും ലേബര്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഫലമൊന്നുമുണ്ടായില്ല. 29 വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത് സമ്പാദിച്ച് വാങ്ങിയ സ്വന്തം സ്ഥലത്ത് ബാങ്ക് വായ്പയെടുത്താണ് നസീര്‍ ഷോപ്പിംഗ് മാള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനം തന്നെയും ഭാര്യയെയും മകനെയും ആത്മഹത്യയുടെ വക്കിലെത്തിച്ചെന്നാണ് ഇദ്ദേഹം പറയുന്നത്. യൂണിയന്‍കാരുടെ നിരന്തര ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പദ്ധതി മുന്നോട്ടുകൊണ്ട് പോകാന്‍ കഴിയുന്നില്ലെന്നാണ് നസീറിന്റെ പരാതി.
നിര്‍മാണ സാമഗ്രികള്‍ ഇറക്കുന്നത് സംബന്ധിച്ച് ഉടലെടുത്ത തര്‍ക്കമാണ് അസംസ്‌കൃത വസ്തുക്കള്‍ ഉപരോധിക്കുന്ന തരത്തിലേക്ക് വളര്‍ന്നത്. കഴിഞ്ഞദിവസം നിര്‍മാണസ്ഥലത്ത് എത്തിയ കയറ്റിറക്ക് തൊഴിലാളികള്‍ തന്നെ മതിലില്‍ ഇടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നസീര്‍ പറയുന്നു.
എന്നാല്‍, തങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സാധനങ്ങള്‍ ഇറക്കാന്‍ പോയപ്പോള്‍ സ്വന്തം തൊഴിലാളികളെക്കൊണ്ട് ഇറക്കുമെന്ന് വാശിപിടിച്ചതാണ് തര്‍ക്കത്തിന് കാരണമെന്നും ചുമട്ട് തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ അവകാശപ്പെടുന്നു.
അതേസമയം നസീറിനോട് അപമര്യാദയായി പെരുമാറിയ ഒരു ചുമട്ടുതൊഴിലാളിയെ സസ്പെന്‍ഡ് ചെയ്തെന്നും മറ്റുള്ളവര്‍ക്ക് താക്കീത് നല്‍കിയതായും കഴക്കൂട്ടം ലേബര്‍ ഓഫീസര്‍ ഹരികുമാര്‍ അറിയിച്ചു. പ്രശ്ന പരിഹാരത്തിനായി 13ന് ലേബര്‍ കമ്മിഷണറുടെ സാന്നിധത്തില്‍ ഇരുകൂട്ടരെയും ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. പരാതി അന്വേഷിക്കുന്നതായി കഴക്കൂട്ടം പോലിസും അറിയിച്ചു.
ALSO WATCH