തിരുവനന്തപുരം: കേരളത്തില്‍ 29 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 31വരെയാണ് സമ്പൂര്‍ണ അടച്ചുപൂട്ടല്‍. സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി.
ലോക്ക് ഡൗണ്‍ കാലയളവില്‍ സംസ്ഥാന അതിര്‍ത്തികള്‍ മുഴുവന്‍ അടച്ചിടും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴിച്ച് ബാക്കി എല്ലാ കടകളും അടക്കണം. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വില്‍ക്കുന്ന കടകളും പെട്രോള്‍ പമ്പുകളും തുറക്കാന്‍ അനുമതി.
ഇന്ന് കൊറോണ സ്ഥിരീകരിച്ച 28 പേരില്‍ 19 പേര്‍ കാസര്‍കോഡ് ജില്ലക്കരാണ്. രോഗം കണ്ടെത്തിയവരില്‍ 25 പേര്‍ ദുബയില്‍ നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോഡ് ജില്ലയിലുള്ളവര്‍ അനവാശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും.
ഇനി മുതല്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കില്ല. പൊതുഗതാഗതം ഉണ്ടാവില്ല. എന്നാല്‍, വെള്ളവും വൈദ്യതിയും ഉള്‍പ്പെടെ അവശ്യസര്‍വീസുകള്‍ തടസ്സമില്ലാതെ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം ക്വാരന്റൈനില്‍ നില്‍ക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓരോ ജില്ലയിലും കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കും. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളില്‍ ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് വീടുകളില്‍ ഭക്ഷണമെത്തിക്കും.
സര്‍ക്കാര്‍ ഓഫിസുകള്‍ ആവശ്യമായ സുരക്ഷയോടെ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്ന എല്ലാ ചടങ്ങുകളും നിര്‍ത്തിവയ്ക്കും. കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 5വരെയാണ് കടകള്‍ തുറക്കുക. കാസര്‍കോഡ് രാവിലെ 11 മുതല്‍ വൈകീട്ട് 5വരെയാണ് കടകള്‍ തുറക്കുക.
അതേ സമയം, ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടക്കില്ല. ബിവറേജസ് നമ്മുടെ രാജ്യത്ത് അവശ്യവസ്തുവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.