Wednesday, June 23, 2021
Home News Kerala കേരളം സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സന്ദര്‍ഭമെന്ന് മുഖ്യമന്ത്രി

കേരളം സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സന്ദര്‍ഭമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമാണ് നിലവിലുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ലോക്ക്ഡൗണ്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടുള്ളത് ജനങ്ങളുടെ പൗരബോധത്തിലുളള വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സെല്‍ഫ് ലോക്ക്ഡൗണ്‍ എന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വയം ലോക്ക്ഡൗണിലേക്ക് പോകേണ്ട സന്ദര്‍ഭമാണിത്. മാസ്‌ക് ധരിച്ചും അകലം പാലിച്ചും കൈകള്‍ ശുചിയാക്കിയും ജീവിക്കുക. അനാവശ്യമായി പുറത്ത് പോകില്ലെന്നും ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കുമെന്നും തീരുമാനിക്കണം. ആഘോഷങ്ങള്‍ മാറ്റി വെക്കുമെന്നും യാത്രകള്‍ ഒഴിവാക്കുമെന്നും അടഞ്ഞ സ്ഥലങ്ങളില്‍ ഇടപഴകില്ലെന്നും രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ ഐസൊലേഷന്‍ കൃത്യമായി പാലിക്കുമെന്നും തീരുമാനിക്കണം.

ജീവനോപാധികള്‍ തകരാതെ നോക്കുകയും നമ്മുടെയും ചുറ്റുമുളളവരുടെയും ജീവന്‍ സുരക്ഷിതമാക്കുകയും വേണം. ഇതില്‍ വിട്ടുവീഴ്ച പാടില്ല. സ്വയം ലോക്ക്ഡൗണിലാണ് എന്ന് തീരുമാനിച്ച് പോകേണ്ട നാളുകളാണ് മുന്നിലുളളത് – മുഖ്യമന്ത്രി പറഞ്ഞു.
ALSO WATCH

 

Most Popular