Friday, June 18, 2021
Home News Kerala പ്രവാസികളെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ലെന്നു മുഖ്യമന്ത്രി

പ്രവാസികളെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പ്രവാസികളോട് ശത്രുക്കളെപ്പോലെ പെരുമാറുന്ന സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച യശസ്സിന് കളങ്കമുണ്ടാക്കുന്ന കാര്യങ്ങളാണ് അടുത്തിടെ ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗികള്‍ ശത്രുക്കളല്ല, രോഗമാണ് ശത്രുവെന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അന്യദേശങ്ങളില്‍നിന്ന കഷ്ടപ്പാടുകള്‍ താണ്ടിയെത്തിയ ചിലര്‍ക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നു. ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടാക്രമിക്കുക, ബന്ധുക്കളെ ഒറ്റപ്പെടുത്തുക, ഊരുവിലക്കു മാതൃകയില്‍ അകറ്റിനിര്‍ത്തുക, ചികിത്സ കഴിഞ്ഞവര്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിക്കുക തുടങ്ങിയ സംഭവങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോട്ടയത്ത് ബാംഗളൂരുവില്‍നിന്നെത്തി ക്വാരന്റീന്‍ പൂര്‍ത്തിയാക്കിയ യുവതിയും മക്കളും വീട്ടില്‍ കയറാനാകാതെ എട്ട് മണിക്കൂറോളം കഴിയേണ്ടിവന്നു. സ്വന്തം വീട്ടുകാരും ഭര്‍തൃവീട്ടുകാരും ഇവരെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇത്തരം കാര്യങ്ങള്‍ നമ്മെ എവിടെയാണ് എത്തിക്കുക എന്ന് ആലോചിക്കണം. ക്വാരന്റീനില്‍ കഴിഞ്ഞതിനു ശേഷം മറ്റപകടങ്ങളില്ലെന്ന് ബോധ്യപ്പെട്ടിട്ടും അവരെ അകറ്റിനിര്‍ത്തുകയാണ്. രോഗബാധിതരെപ്പോലും അകറ്റിനിര്‍ത്തുകയല്ല, സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് സംരക്ഷിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം പെരുമാറ്റങ്ങള്‍ നമ്മുടെ സമൂഹത്തിന് അപമാനകരമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അത്തരക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സമൂഹം ശ്രമിക്കണം. വിദേശത്തുനിന്ന് എത്തുന്നവരെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യം ചെയ്യുകയുമാണ് നമ്മുടെ ഉത്തരവാദിത്തം. വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കുന്നത് മനുഷ്യത്വത്തിന് ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular