
കോൺഗ്രസ്-വെൽഫെയർ പാർട്ടി ധാരണ: ക്രിസ്തീയ വോട്ടുകൾ നഷ്ടമാക്കിയെന്ന് കത്തോലിക്ക സഭാ മുഖപത്രം
കൊച്ചി: കോണ്‍ഗ്രസ്-വെല്‍ഫെയര്‍ പാര്‍ട്ടി ധാരണ മൂലം ക്രിസ്തീയ വോട്ടുകള്‍ നഷ്ടമാക്കിയെന്ന് കത്തോലിക്ക സഭാ മുഖപത്രമായ സത്യദീപന്റെ വിമര്‍ശനം. ജോസ് കെ. മാണിയുടെ നിലപാട് മാറ്റത്തിലൂടെ സംഭവിച്ചതല്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖമാസികയായ സത്യദീപത്തിന്റെ ലേഖനത്തില്‍ പറയുന്നു.
കിസ്ത്യന്‍ വോട്ടുകളിലുണ്ടായ വിള്ളല്‍ കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നലും, മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളില്‍ ഐക്യമുന്നണിക്കെതിരായി വിടവുണ്ടാക്കിയെന്നത് വാസ്തവമാണ്. ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ്സ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങിയെന്ന ഇടതു പ്രചാരണം ഫലം കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണ്ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതാണെന്നും മുഖപത്രം വ്യക്തമാക്കുന്നു.
അതേസമയം തെരഞ്ഞെടുപ്പിന്റെ കടിഞ്ഞാണ്‍ ഒന്നോ രണ്ടോ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നല്കി യു.ഡി.എഫ് ഒഴിഞ്ഞുമാറുകയും പരസ്പര വിരുദ്ധമായ പ്രസ്താവനകളിലൂടെയും ഗ്രൂപ്പടിസ്ഥാനത്തിലുള്ള പതിവ് സ്ഥാനാര്‍ത്ഥി നിര്ണയത്തിലൂടെയും അനുകൂലമായ രാഷ്ട്രീയാവസരത്തെ പരമാവധി പരാജയപ്പെടുത്തുകയും ചെയ്തുവെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.