Thursday, October 6, 2022
HomeNewsKeralaകൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി; ഇരിക്കുറിലും മട്ടന്നൂരിലും പ്രതിഷേധം ശക്തം

കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി; ഇരിക്കുറിലും മട്ടന്നൂരിലും പ്രതിഷേധം ശക്തം

തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ വിവിധ ജില്ലകളില്‍ കോണ്‍ഗ്രസിനകത്ത് അസ്വസ്ഥത പടരുന്നു. കൊല്ലത്തും മട്ടന്നൂരിലും ഇരിക്കൂറിലുമാണ് കാര്യമായ പ്രതിഷേധം ഉയര്‍ന്നത്. ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് നിരവധി നേതാക്കള്‍ രാജിവച്ചു. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു.

കണ്ണൂര്‍ ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് ശ്രീകണ്ഠാപുരം നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ പ്രവര്‍ത്തകരുടെ രാപ്പകല്‍ സമരം തുടങ്ങി. മണ്ഡലത്തിലെ എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു. സീറ്റ് എ ഗ്രൂപ്പ് നേതാവ് സോണി സെബാസ്റ്റ്യന് നല്‍കണമെന്നാണ് ആവശ്യം.

മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കിയതിലാണ് പ്രതിഷേധം ഉയര്‍ന്നത്. രക്തസാക്ഷി ഷുഹൈബിന്റെ മണ്ഡലം പാര്‍ട്ടി ഏറ്റെടുക്കണമെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. മട്ടന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന നിലപാടിലായിരുന്നു ജില്ലാ നേതൃത്വവും. സമൂഹമാധ്യമങ്ങളിലാണ് പ്രതിഷേധം ആളിക്കത്തുന്നത്. ഷുഹൈബിന്റെ മട്ടന്നൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കല്ലാതെ വോട്ട് നല്‍കില്ലെന്ന നിലപാടില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉറച്ച് നില്‍ക്കുന്നു. തീരുമാനത്തില്‍ ഷൂഹൈബിന്റെ കുടുംബത്തിനും അമര്‍ഷമുണ്ടെന്നാണ് സൂചന.

ആര്‍.എസ്.പി കേന്ദ്ര കമ്മിറ്റി അംഗവും, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ഇല്ലിക്കല്‍ അഗസ്തിയാണ് മട്ടന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. നാല്‍പത്തിനാല് വര്‍ഷത്തിന് ശേഷമാണ് കണ്ണൂരില്‍ അപ്രതീക്ഷിതമായി ഒരു സീറ്റ് ആര്‍.എസ്.പിക്ക് ലഭിച്ചത്.

Most Popular