Friday, July 23, 2021
Home News Kerala വിവാദ പ്രസ്താവന: കെ എം ഷാജിക്ക് താക്കീതുമായി മുസ്ലിം ലീഗ്

വിവാദ പ്രസ്താവന: കെ എം ഷാജിക്ക് താക്കീതുമായി മുസ്ലിം ലീഗ്

തിരുവനന്തപുരം: പരസ്യ പ്രതികരണം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം എൽ എ യുമായ കെ എം ഷാജിക്ക് താക്കീതുമായി മുസ്ലിം ലീഗ്. നേതാക്കൾ പരസ്യ പ്രതികരണം നടത്തരുതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. പൊതുമധ്യത്തിലെ ഇത്തരം പരാമർശങ്ങൾ പാർട്ടിയെ അപകീർത്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരവാദിത്വപ്പെട്ടവർ പരസ്യ പ്രസ്താവനകൾ നടത്തുന്നത് ശ്രദ്ധയോടെ വേണമെന്നും തങ്ങൾ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങളിൽ അയവ് വന്നാലുടൻ സംസ്ഥാന സമിതി ചേർന്ന് നിയമസഭാ ഫലം സംബന്ധിച്ച ചർച്ചകൾ നടത്തും. ലക്ഷ്യ പ്രാപ്തിക്ക് വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖാഇദെ മില്ലത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഖാഇദെ മില്ലത്ത് ഓൺലൈൻ അനുസ്മരണ യോഗത്തിൽ സംസാരിക്കവെയാണ് കെ എം ഷാജി വിവാദ പ്രസ്താവന നടത്തിയത്. ആനപ്പുറത്തിരുന്ന് ചന്തിയിലുണ്ടായ തഴമ്പ് വിറ്റാൽ ആനയെ വാങ്ങാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. “പാർട്ടി ചർച്ച ചെയ്യേണ്ടത് പാർട്ടിയുടെ നിലവിലുള്ള ഘടനയെക്കുറിച്ചാണ്, ജയത്തെയും പരാജയത്തെയും കുറിച്ചല്ല. സമീപകാലത്ത് അപകടകരമായ കാര്യങ്ങളാണ് ഇവിടെ സംഭവിക്കുന്നത്. ഇതിനെയൊക്കെ എങ്ങനെയാണ് പാർട്ടി അതിജീവിക്കാൻ പോകുന്നത്, ഏത് വിധത്തിലാണ് ഇത് നേരിടുക എന്നതാണ് വിലയിരുത്തേണ്ടത്,” തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ലീഗ് പ്രവർത്തക സമിതി ചേരാത്തതിനെതിരായ വിമർശനം അദ്ദേഹം പ്രകടിപ്പിച്ചു. ഈ പ്രസ്താവന വിവാദത്തിലേക്ക് നയിക്കുകയായിരുന്നു.

Most Popular