Wednesday, June 23, 2021
Home News Kerala അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയേക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി

അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയേക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ മൂന്ന് ലക്ഷം മുതല്‍ അഞ്ചരലക്ഷം വരെ പ്രവാസികള്‍ കേരളത്തിലേക്കു മടങ്ങിയേക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. രാജ്യാന്തര വിമാന സര്‍വീസ് ആരംഭിച്ച് 30 ദിവസത്തിനകമാണ് ഇത്രയും പേരെ പ്രതീക്ഷിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി. കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കില്‍പോലും 9,600 പേരെ മുതല്‍ 27,600 പേരെ വരെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

തിരികെയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ബുക്ക് ചെയ്യാനുള്ള നോര്‍ക്ക് വെബ്‌സൈറ്റ് ഉടന്‍ പൂര്‍ത്തിയാവും. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കില്‍ നോര്‍ക്ക സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു.

സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇതാണ്

വിമാനത്താവളങ്ങളിലെ പരിശോധനയില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ഉണ്ടെങ്കില്‍ അവരെ ക്വാറന്റൈന്‍ സെന്ററിലോ കൊറോണ ആശുപത്രികളിലോ അയയ്ക്കും. യാത്രക്കാരുടെ ലഗേജ് ഉള്‍പ്പെടെ ഈ സെന്ററുകളിലാണു സൂക്ഷിക്കുക.

രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവര്‍ 14 ദിവസം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ വിമാനത്താവളത്തിലെത്താന്‍ പാടില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാറന്റൈന്‍ ചെയ്യാന്‍ അനുമതിയുണ്ട്.

കേരളത്തിലേക്കു വരുന്ന പ്രവാസികള്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് എത്ര ദിവസത്തിനുള്ളില്‍ ടെസ്റ്റ് നടത്തണമെന്നത് ആരോഗ്യവകുപ്പാണു തീരുമാനിക്കുക. മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊറോണ ടെസ്റ്റ് നടത്താനുള്ള സൗകര്യം പ്രവാസി സംഘടനകള്‍ ഒരുക്കണം. വിമാനക്കമ്പനികളുടെ സര്‍വീസ് പ്ലാന്‍, ബുക്കിങ്ങിന്റെ എണ്ണം, കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിലെത്തുന്ന ട്രാന്‍സിറ്റ് പാസഞ്ചേഴ്‌സിന്റെ എണ്ണം എന്നിവ ചീഫ് സെക്രട്ടറി തലത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിമാനക്കമ്പനികള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്യാനാണ് തീരുമാനം.

വിമാനടിക്കറ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണം. പ്രവാസികളെ വിമാനത്താവളത്തില്‍ സ്‌ക്രീനിങ് നടത്താനുള്ള സജ്ജീകരണം തയ്യാറാക്കേണ്ട ചുമതല ആരോഗ്യവകുപ്പാണ്. നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് മാത്രമല്ല കേരളത്തില്‍ പുറത്തേക്കു പോകുന്ന യാത്രക്കാര്‍ക്കും പ്രത്യേ പ്രോട്ടോക്കോള്‍ തയ്യാറാക്കും.

corona-five lakh expatriates may return to kerala

Most Popular