കൊല്ലം: കൊറോണക്കാലത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ കൊറോണയും. സൂക്ഷിച്ച് നോക്കണ്ട, സ്ഥാനാര്‍ത്ഥി വൈറസല്ല, മനുഷ്യന് തന്നെയാണ്. കൊല്ലത്തുകാരി കൊറോണ തോമസാണ് കോറോണക്കാലത്ത് കളത്തിലിറങ്ങുന്നത്. കൊല്ലം കോര്‍പ്പറേഷനിലേക്ക് മതിലില്‍ ഡിവിഷനില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയാണ് കൊറോണ തോമസ്. അച്ഛന് തോമസും അമ്മ ഷീബയും ആശിച്ചു കിട്ടിയ മകള്‍ക്ക് കൊറോണ തോമസ് എന്ന പേരു വിളിച്ചപ്പോള്‍ അവര്‍ ഒരിക്കല്‍ പോലും ചിന്തിച്ചു കാണില്ല ലോകം അറിയപ്പെടുന്ന നാമമായി അതു മാറുമെന്ന്. ഇംഗ്ലീഷ് ഡിക്ഷണറിയിലെ പ്രകാശം പരത്തുന്നവള്‍ എന്ന അര്‍ഥം മനസ്സില്‍ വച്ചാണ് ഇരുവരും മകള്‍ക്ക് ആ പേരു നല്‍കിയത്.
തെരഞ്ഞെടുപ്പ് രംഗത്തെ പ്രചാരണ പ്രവര്‍ത്തനത്തിനിടെ ചുവരുകളും പോസ്റ്ററുകളിലും കൊറോണ എന്ന പേരെഴുതുമ്പോള്‍ ഭയത്തോടെ തന്നെ കാണരുതെന്ന അപേക്ഷയും സ്ഥാനാര്‍ഥിക്കുണ്ട്. ഭര്‍ത്താവ് ജിനു. അര്‍ണവ്, അര്‍പ്പിത എന്നിവര്‍ മക്കളാണ്. കൊറോണാക്കാലത്ത് തന്നെയാണ് മകള്‍ അര്‍പ്പിതയ്ക്ക് കൊറോണ ജന്മം നല്‍കിയത്.