തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
കേരളം, കര്‍ണാടകം, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള വവ്വാലുകളുടെ സാംപിളുകളാണ് പരിശോധിച്ചത്. ഇതില്‍ കേരളം, ഹിമാചല്‍പ്രദേശ്, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ചവയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തൊണ്ടയില്‍നിന്നും മലാശയത്തില്‍നിന്നും 2018-19 കാലയളവില്‍ ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്.
കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തില്‍ നിന്നുള്ള 217 സ്രവ സാംപിളുകള്‍ പരിശോധിച്ചതില്‍ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തില്‍നിന്നുള്ള 42 സ്രവ സാംപിളുകളില്‍ നാലും പോസിറ്റീവായിരുന്നു.
മുമ്പ നടത്തിയ പരിശോധനയില്‍ കേരളത്തില്‍ നിന്നുള്ള വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരുന്നു. വിവിധയിനം വൈറസുകളുടെ സംഭരണികളാണ് വവ്വാലുകള്‍. ഈ വൈറസുകള്‍ ഇന്‍ര്‍മീഡിയേറ്റ് ഹോസ്റ്റ് വഴി മനുഷ്യരില്‍ എത്താറുണ്ട്.
പശ്ചിമഘട്ട മേഖലകള്‍ പ്രത്യേകിച്ച് കേരളം വിവിധ ഇനങ്ങളില്‍പ്പെട്ട വവ്വാലുകളുടെ ആവാസകേന്ദ്രമാണെന്നതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Coronaviruses found in two bat species