തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒരാള്‍ക്കു പോലും കൊറോണ റിപോര്‍ട്ട് ചെയ്തില്ല. കോവിഡ് കേസുകളില്ലാത്ത തുടര്‍ച്ചയായ രണ്ടാംദിവസമാണിത്. 61 പേര്‍ രോഗമുക്തി നേടി. കണ്ണൂര്‍ 19, കാസര്‍കോട് 2, ഇടുക്കി 11, കോഴിക്കോട് 4, കൊല്ലം 9, കോട്ടയം 12, മലപ്പുറം 2, തിരുവനന്തപുരം 2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ എണ്ണം.
തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഇതോടെ കോിവിഡ് മുക്ത ജില്ലകളായി മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത് 34 പേര്‍ മാത്രമാണ്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ച 499 പേരില്‍ ഇതോടെ 462 പേരാണ് രോഗമുക്തി നേടിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 1,66,263 പേരാണ് നാട്ടിലേക്കു വരാനായി നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്തത്. കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍. ഇവരെ നാട്ടിലേക്ക് തിരികെയെത്താന്‍ നടപടി ആരംഭിച്ചു. 28,220 പേരാണ് പാസിന് അപേക്ഷിച്ചത്. 5470 പാസുകള്‍ വിതരണം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് ഇതുവരെ 13,000ത്തോളം അതിഥി തൊഴിലാളികളാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകളില്‍ യാത്രയായത്. ഈ ട്രെയിനുകളില്‍ കേരളത്തിലേക്ക് തിരികെ വരാനുള്ളവര്‍ക്കു സൗകര്യവും ഒരുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൂടാതെ സാമൂഹിക അകലം പാലിച്ച് പുതിയ നോണ്‍ സ്റ്റോപ് ട്രെയിനുകളും അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഓട്ടോ മൊബെല്‍ വര്‍ക്ക്‌ഷോപ്പുകള്‍ക്കും വാഹന ഷോറൂമുകള്‍ക്കും കണ്ടെന്‍മെന്റ് സോണൊഴികെയുള്ളിടത്ത് തുറക്കാന്‍ അനുമതി നല്‍കും. ഞായറാഴ്ച പ്രഖ്യാപിച്ച സമ്പൂര്‍ണ ഒഴിവില്‍ ഭക്ഷണം പാഴ്‌സല്‍ നല്‍കുന്ന കടകള്‍ക്ക് ഉച്ചയ്ക്ക് ശേഷം മറ്റു ദിവസങ്ങളിലെ പോലെ പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala on Monday reported 61 recoveries, the highest ever single-day recovery since the covid-19 pandemic took hold. There were no new cases reported today.