കേരളത്തിലെ ലോക്ക്ഡൗണ്‍ ഇളവില്‍ ചട്ടലംഘനമെന്ന്; ഇടപെട്ട് കേന്ദ്രം; സംസ്ഥാനത്ത് ആശയക്കുഴപ്പം

lockdown realaxation issue in kerala

തിരുവനന്തപുരം: കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന ആക്ഷേപവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രണ്ടാംഘട്ട ലോക്ഡൗണിനായി ഈമാസം 15ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളം വെളളം ചേര്‍ത്തെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നിര്‍ദേശങ്ങളില്‍ ലംഘനം വന്നതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. അതിനിടെ ഇളവുകള്‍ നല്‍കിയകില്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം. ഗതാഗതത്തിന് അടക്കം പൊലീസ് നല്‍കിയ ഇളവുകള്‍ നിലവില്‍ വന്നെങ്കിലും നാളെ മുതലാണ് ഇളവുകളെന്ന് കലക്ടര്‍മാര്‍ പറയുന്നു. ഹോട്‌സ്‌പോട് സംബന്ധിച്ചും വൈകിവന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിമര്‍ശനത്തിന് പിന്നാലെ പ്രഖ്യാപിച്ച ഇളവുകള്‍ സംസ്ഥാനം തിരുത്തി. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പ് തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനുമാകില്ല. കേന്ദ്രത്തിന്റെ അനുമതിയോടെയാണ് നേരത്തേ ഇളവ് അനുവദിച്ചതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ തെറ്റിധാരണയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

കേരളത്തില്‍ പലയിടങ്ങളിലും നല്ല ജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടെ, ഇളവുകളില്‍ ആശയക്കുഴപ്പമുണ്ടായെന്ന് സമ്മതിച്ച് മന്ത്രി കടകംപിള്ളി രംഗത്തെത്തി. തിരുവനന്തപുരത്തടക്കം ഹോട്‌സ്‌പോട്ട് നിയന്ത്രണം ഉറപ്പാക്കും. ആശയക്കുഴപ്പം ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇളവുകളില്‍ വ്യക്തതവരുത്താന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വാഹനനിയന്ത്രണത്തില്‍ ഉള്‍പെടെ കൃത്യത വേണമെന്ന് ഡിജിപിക്കും നിര്‍ദേശം നല്‍കി.

ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പറഞ്ഞത്. വര്‍ക്ഷോപ്, ബാര്‍ബര്‍ഷോപ്, റസ്റ്റോറന്റ്, ബുക്‌സ്റ്റോര്‍ തുറക്കാന്‍ അനുവദിച്ചു. കാര്‍ ബൈക്ക് യാത്രകളിലും കൂടുതല്‍ പേരെ അനുവദിച്ചു. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും ചട്ടവിരുദ്ധമാണെന്നും കേന്ദ്രം പറഞ്ഞു.

covid 19 lockdown relaxation issue in kerala