തിരുവനന്തപുരം: കോവിഡ് ഭീതിതമായ രീതിയില്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാണെന്നും ഇത് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കടകളില്‍ നിശ്ചിത അകലം പാലിക്കണം, കടയുടെ വിസ്തീര്‍ണം അനുസരിച്ച് ഒരേ സമയം എത്രപേര്‍ക്ക് കടക്കാം എന്ന് നിശ്ചയിക്കണം. കടയില്‍ വരുന്നവര്‍ക്ക് നില്‍ക്കാനായി നിശ്ചിത അകലത്തില്‍ സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കണം. ഇല്ലെങ്കില്‍ കടയ്ക്ക് നേരെ നടപടികളുണ്ടാകും, കട അടച്ചിടേണ്ടിരും- മുഖ്യമന്ത്രി വ്യക്തമാക്കി.
കല്യാണത്തിന് 50 പേര്‍ക്കും ശവദാഹത്തിന് 20 പേര്‍ക്കുമാണ് അനുമതി. ഈ നിയന്ത്രണം തുടരും. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിക്കും. നിലവിലുള്ള രോഗ പ്രതിരോധ സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.