തിരുവനന്തപുരം: കേരളത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ ഉടന്‍ വേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന നടത്താനും ഇന്ന് ചേര്‍ന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു.
ലോക്ക്ഡൗണിനു പകരം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുളള രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയാല്‍ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്നുചേര്‍ന്ന കോര്‍കമ്മിറ്റി യോഗം വിലയിരുത്തി.
ജില്ലാ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ബോധ്യപ്പെട്ടാല്‍ പ്രാദേശിക നിയന്ത്രണങ്ങളേര്‍പ്പെടുത്തും. കോവിഡ് പൊസിറ്റിവിറ്റ് നിരക്ക് മൂന്ന് ശതമാനമായി കുറക്കലാണ് ലക്ഷ്യം. രോഗികളുടെ എണ്ണം ഉയര്‍ന്നാലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ തൃപ്തികരമാണെന്നും യോഗം വിലയിരുത്തി.
വൈറസിന്റെ ജനിതകമാറ്റം പഠിക്കാന്‍ ജീനോം പഠനം നടത്താനും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ഏര്‍പ്പെടുത്തിയ നൈറ്റ് കര്‍ഫ്യൂ ഇന്ന് രാത്രി 9 മുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് കര്‍ശന പരിശോധനയും നടപടികളും ഉണ്ടാവും.
രാത്രികാല നിയന്ത്രണങ്ങളില്‍ പൊതുഗതാഗതത്തിന് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും സര്‍വീസുകള്‍ വെട്ടികുറക്കാനുളള ആലോചനയിലാണ് കെ എസ് ആര്‍ ടി സി. രാത്രി 9 മണിക്ക് ശേഷമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ റിസര്‍വേഷന്‍ മുഖേന നടപ്പാക്കാനും കോര്‍പ്പറേഷന്‍ ആലോചിക്കുന്നുണ്ട്.
ALSO WATCH