ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന് തുടക്കമായി; കേരളത്തില്‍ വാക്സീൻ സ്വീകരിക്കാൻ ആദ്യം മുന്നോട്ട് വന്നത് ഡിഎംഒമാരുടെ മാതൃക

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് കൊണ്ട് രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് തുടങ്ങി. വാക്‌സിന്‍ സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍ സംവദിച്ചു. കൊവിന്‍ ആപ്പും പുറത്തിറക്കി. ദില്ലിയിലെ ശുചീകരണ തൊഴിലാളികളില്‍ ഒരാളാണ് രാജ്യത്താദ്യം കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചത്. എയിംസിലാണ് വാക്‌സിനേഷന്‍ നടന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും അവിടെ സന്നിഹിതനായിരുന്നു.

ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒരു ബൂത്തില്‍ നൂറ് പേര്‍ക്ക് വീതം എന്ന കണക്കില്‍, കൊവാക്‌സിനോ, കൊവിഷീല്‍ഡോ ആണ് നല്‍കേണ്ടത്. ഒരു ബൂത്തില്‍ ഒരു വാക്‌സിന്‍ മാത്രമേ നല്‍കാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നല്‍കേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകള്‍ സ്വീകരിക്കേണ്ടത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം നേരിയ പനിയോ, ശരീരവേദനയോ ഉണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കേരളത്തിലും കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ്പ് നടപടികള്‍ ആരംഭിച്ചു. ആകെ 133 കേന്ദ്രങ്ങളാണ് കേരളത്തില്‍ വാക്‌സിനേഷനായി തയ്യാറാക്കിയത്. 13,300 പേരാണ് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ എടുക്കുക. വാക്‌സീന്‍ സ്വീകരിക്കുന്നത് കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. പല ജില്ലകളില്‍ ഡിഎംഒമാരും ആശുപത്രി സൂപ്രണ്ടുമാരുമാണ് ആദ്യം തന്നെ വാക്‌സീന്‍ സ്വീകരിച്ചത്. കൊവിഷീല്‍ഡ് ആണ് കേരളത്തില്‍ നല്‍കുന്നത്.

കേരളത്തില്‍ ആദ്യ ഘട്ട കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അടക്കം ഉള്ളവരാണ്. വാക്‌സീന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് പ്രധാനപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ദിനം തന്നെ കുത്തിവയ്പ് എടുത്തത്. രണ്ടാം ഘട്ടത്തില്‍ വാക്‌സീന്‍ സ്വീകരിക്കേണ്ടവരുടെ പട്ടികയും സംസ്ഥാനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറി.

പത്തനംതിട്ടയില്‍ ആദ്യ വാക്‌സിന്‍ ഡിഎംഒ എ എല്‍ ഷീജ സ്വീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വാക്‌സിന്‍ സ്വീകരിച്ചത് ജില്ലയിലെ മുതിര്‍ന്ന 5 ഡോക്ടര്‍മാരാണ്. കണ്ണൂരില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ സതീഷന്‍ ബാലസുബ്രഹ്മണന്‍ ആദ്യ ഡോസ് സ്വീകരിച്ചു. തൃശ്ശൂരില്‍ ഡിഎഒ ഡോ കെ ജെ റീനയാണ് ആദ്യ വാക്‌സീന്‍ സ്വീകരിച്ചത്. പാലക്കാട് ഡിഎംഎ ഡോ പി കെ റീത്ത വാക്‌സീന്‍ സ്വീകരിച്ചു. ഡോക്ടര്‍ക്ക് നേരത്തെ കൊവിഡ് വന്ന് ഭേദമായതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ ടി എസ് അനീഷ് അടക്കമുള്ള മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആദ്യഘട്ടത്തില്‍ തന്നെ വാക്‌സീന്‍ കുത്തിവയ്‌പ്പെടുത്തു. ആലപ്പുഴയില്‍ ഡിഎഒ അനിതാകുമാരിയും, ആര്‍സിഎച്ച് ഓഫീസര്‍ ഡോക്ടര്‍ മോഹന്‍ദാസും, ഡോ വേണുഗോപാലും വാക്‌സീന്‍ കുത്തിവയ്‌പ്പെടുത്തു. മലപ്പുറം ജില്ലയില്‍ ഐഎംഎയുടെ മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ഡോ വിയു സീതി ആദ്യ വാക്‌സിന്‍ സ്വീകരിച്ചു.

കൈയ്യിലെ മസിലിലാണ് കൊവിഷീല്‍ഡ് കുത്തിവയ്ക്കുക. കുത്തിവയ്പ് എടുത്ത്, നിരീക്ഷണവും കഴിഞ്ഞു ഇറങ്ങാന്‍ പരമാവധി ചെലവാകുന്നത് 45 മിനുട്ട് മാത്രമാണ്. 133 കേന്ദ്രങ്ങളില്‍ ആയി 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും കുത്തിവയ്പ് എടുക്കും. വാക്‌സീന്റെ ലഭ്യത കൂടുമ്പോള്‍ ഓരോ ജില്ലകളിലും 100ല്‍ അധികം കേന്ദ്രങ്ങളില്‍ വാക്‌സിനേഷന് സൗകര്യമൊരുക്കും. തിരുവനന്തപുരം അടക്കം ചില ജില്ലകളില്‍ സ്വകാര്യ ആശുപത്രികളില്‍ ഒന്നിട വിട്ട ദിവസങ്ങളിലും സര്‍ക്കാര്‍ മേഖലയില്‍ എല്ലാ ദിവസവും രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ് നല്‍കും. വാക്‌സീന്‍ സ്വീകരിച്ചാലും ജാഗ്രത തുടരണം.

വാക്‌സീന്‍ എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രണ്ടാം ഡോസ് ഉറപ്പാക്കിയാണ് വാക്സിന്‍ ഉപയോഗം ക്രമീകരിച്ചിട്ടുള്ളത്. വെയിസ്റ്റേജ് പരമാവധി കുറയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അലര്‍ജി, പനി അടക്കം ചില ചെറിയ പ്രശ്നങ്ങള്‍ ചിലര്‍ക്ക് എങ്കിലും ഉണ്ടാകാം. എന്നാല്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് ഇതുവരെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടില്ല. ചെറിയ പ്രശ്‌നങ്ങള്‍ ഉള്ളവരെയും കൃത്യമായി നിരീക്ഷിക്കാന്‍ കേരളത്തില്‍ സംവിധാനം ഒരിക്കിയിട്ടുണ്ട്. ആദ്യ ഡോസിന് ശേഷം 28 ദിവസം കഴിഞ്ഞാണ് രണ്ടാം ഡോസ് നല്‍കുക. ശേഷം 14 ദിവസം കഴിഞ്ഞ് പൂര്‍ണ പ്രതിരോധം എന്നാണ് കണക്ക്. രണ്ടാം ഘട്ടത്തിലേക്കുള്ള കൊവിഡ് വാക്‌സിന്‍ ഫെബ്രുവരി ആദ്യവാരത്തോടെ വീണ്ടുമെത്തിക്കും.
ALSO WATCH