Monday, May 10, 2021
Home News Kerala സിപിഎം സാധ്യതാപട്ടിക; ഏറനാട് ഫുട്‌ബോള്‍ താരം ഷറഫലി; വണ്ടൂരില്‍ മിഥുന

സിപിഎം സാധ്യതാപട്ടിക; ഏറനാട് ഫുട്‌ബോള്‍ താരം ഷറഫലി; വണ്ടൂരില്‍ മിഥുന

മലപ്പുറം: നിയസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നവരുടെ സാധ്യതാ പട്ടിക പൂര്‍ത്തിയാക്കി സിപിഎം. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ യു ഷറഫലി ഏറനാട്ടില്‍ മല്‍സരിക്കും. ഏറനാട് സിപിഐയുടെ സീറ്റായതിനാല്‍ അവരുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഷറഫലിയുടെ പേര് അന്തിമമാക്കുക.

നിലവിലുള്ള നാല് സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ തുടരും. താനൂര്‍- വി അബ്ദുറഹിമാന്‍, തവനൂര്‍-കെ ടി ജലീല്‍, പൊന്നാനി- പി ശ്രീരാമകൃഷ്ണന്‍, നിലമ്പൂര്‍-പി വി അന്‍വര്‍ എന്നിവര്‍ മത്സരിക്കും. വി അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്.

തിരൂരിലും മങ്കടയിലും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ തന്നെയാണ് പട്ടികയിലുള്ളത്. ഗഫൂര്‍ പി ലില്ലീസ് തിരൂരും ടി കെ റഷീദലി മങ്കടയിലും മത്സരിക്കും. വണ്ടൂരില്‍ എ പി അനില്‍ കുമാറിനെതിരെ പള്ളിക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുനയെ പരിഗണിക്കുന്നതായാണ് അറിയുന്നത്. ചന്ദ്രബാബുവിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായാണ് മിഥുന പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോടടുക്കുകയായിരുന്നു.

പെരിന്തല്‍മണ്ണയില്‍ ലീഗ് വിമതന്‍ കെ മുഹമ്മദ് മുസ്തഫയുടെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിക്കുന്നത്. എം മുഹമ്മദ് സലീമും പട്ടികയിലുണ്ട്. കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജിയും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജിജിയും പരിഗണനയിലുണ്ട്. കൂടുതല്‍ പേരും സ്വതന്ത്രരായിട്ടായിരിക്കും മത്സരത്തിനിറങ്ങുക. ഏത് വിധേനയും പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.

 

Most Popular