Friday, September 17, 2021
Home Ediotrs Pick എന്‍പി ചെക്കുട്ടിയെന്ന് കരുതി ചേക്കുട്ടി പാവകളുടെ പേജില്‍ സൈബര്‍ സഖാക്കളുടെ തെറിവിളി

എന്‍പി ചെക്കുട്ടിയെന്ന് കരുതി ചേക്കുട്ടി പാവകളുടെ പേജില്‍ സൈബര്‍ സഖാക്കളുടെ തെറിവിളി

കോഴിക്കോട്: മുന്നും പിന്നും നോക്കാതെ എടുത്തു ചാടുന്ന സൈബര്‍ പോരാളികള്‍ അബദ്ധത്തില്‍പ്പെടുന്നത് ആദ്യമായല്ല. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ സഖാക്കള്‍ ചെന്ന് ചാടിയത് വന്‍ അബദ്ധത്തിലായിപ്പോയി. അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍പി ചെക്കുട്ടിയോടുള്ള വിരോധം മൂത്ത് കണ്ണു കാണാതായവര്‍ക്കാണ് അബദ്ധം പറ്റിയത്.

ചെക്കുട്ടി2018 എന്ന ഫേബ്‌സുക്ക് പേജിലായിരുന്ന സൈബര്‍ പോരാളികളുടെ വിളയാട്ടം. എന്‍പി ചെക്കുട്ടിക്കെതിരേ കൊടുങ്ങല്ലൂര്‍ ഭരണിയെ വെല്ലുന്ന തെറിവിളികളായിരുന്നു. ‘ചെക്കുട്ടിയല്ല ചെകുത്താന്‍കുട്ടി.. ഇടതുപക്ഷ വിരുദ്ധത ബാധിച്ചാല്‍ ഭ്രാന്തല്ല മുഴു ഭ്രാന്താകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചെക്കുട്ടി…ചെക്കുട്ടി എന്നു കേള്‍ക്കുമ്പോള്‍ ചെവിക്കുറ്റിക്ക് അടിക്കാന്‍ തോന്നുന്നു..’ എന്നിങ്ങനെ തുടങ്ങി പൊതു ഇടത്തില്‍ എഴുതാന്‍ പറ്റാത്ത വിധമുള്ള നിരവധി മന്റുകളാണ് പേജില്‍ വന്നത്.
chekku
എന്‍പി ചെക്കുട്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെ പോലും ആക്ഷേപിക്കുന്ന തരത്തിലായിരുന്നു തെറികള്‍. പ്രധാനമായും ഇടതു സൈബര്‍ അനുകൂലികളുടെ ഐഡികളില്‍ നിന്നാണ് ഈ കമന്റുകള്‍. ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാറുള്ള എന്‍പി ചെക്കുട്ടി സിപിഎമ്മിനെതിരേ സ്വീകരിക്കുന്ന നിലപാടായിരുന്നു ഈ തെറിവിളി കമന്റുകള്‍ക്കു പിറകില്‍. പക്ഷേ സ്ഥലം മാറി പോയി.

അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടി പാവകളുടെ പേജിലാണ് ഈ തെറിവിളികള്‍ നിറയുന്നതെന്നതാണ് രസകരം. ചേക്കുട്ടി പാവകളുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് ഇത്തരം കമന്റുകള്‍ നിറയുന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം പങ്കുവച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ ചെക്കുട്ടിയുടെ പേജാണ് എന്നു കരുതിയാണ് ഈ തെറിവിളികള്‍ എന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നു. ‘ഇത് അതല്ല..’ എന്ന് രസകരമായി സൈബര്‍ ഗുണ്ടകളോട് പറഞ്ഞു മനസിലാക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. ഇക്കാണുന്ന ചേക്കുട്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല എന്ന അടിക്കുറിപ്പോടെ പാവയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. എന്തായാലും ചേക്കുട്ടി പാവകള്‍ വീണ്ടും സജീവമായതിന്റെ സന്തോഷത്തിലാണ് അണിയറക്കാര്‍.

 

Most Popular