Monday, June 21, 2021
Home News Kerala ഭീതി പരത്തി ടൗട്ടെ വരുന്നു; സംസ്ഥാനത്ത് 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഭീതി പരത്തി ടൗട്ടെ വരുന്നു; സംസ്ഥാനത്ത് 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതീവജാഗ്രതാ മുന്നറിയിപ്പ്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്.

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയവയും ഉണ്ടായേക്കാം. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും പേമാരിയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരുമെന്നും മുന്നറിയിപ്പുണ്ട്.

അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 190 കിലോ മീറ്റര്‍ വടക്ക്, വടക്ക്പടിഞ്ഞാറും ഗോവയിലെ പാനജിം തീരത്ത് നിന്ന് 330 കിലോ മീറ്റര്‍ തെക്കു-തെക്കു പടിഞ്ഞാറുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടൗട്ടെ കാറ്റ് സ്ഥിതി ചെയ്യുന്നത്. അടുത്ത 6 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുകയും അതിനു ശേഷമുള്ള 12 മണിക്കൂറിനുള്ളില്‍ അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന കാറ്റ് മെയ് 18 വൈകുന്നേരത്തോടു കൂടി ഗുജറാത്തിലെ പോര്‍ബന്ദര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്. കനത്ത മഴയെത്തുടര്‍ന്ന് മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പുമുണ്ട്.

വടക്കന്‍ ജില്ലകളില്‍ പെരുമഴ തുടരുന്നു

ന്യൂനമര്‍ദം വടക്കന്‍മലബാര്‍ തീരത്തിന് സമീപത്തേക്ക് മാറിയതോടെ വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. മലപ്പുറം മുതല്‍ കാസര്‍കോട് വരേയുള്ള ജില്ലകളില്‍ മഴ ഇപ്പോഴും തുടരുകയാണ്. തീരദേശ മേഖലയില്‍ നിരവധി വീടുകളും റോഡുകളും തകര്‍ന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

കോഴിക്കോട് ജില്ലയിലെ വടകര വില്ലേജില്‍ 100 കുടുംങ്ങളില്‍ നിന്ന് 310 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. കസബ വില്ലേജിലെ തോപ്പയില്‍ ഏഴ് പേരെ ക്യാമ്പിലേക്ക് മാറ്റി.
മത്സ്യ തൊഴിലാളികളുടെ ജീവനോപാധികളും പലയിടങ്ങളിലും തകര്‍ന്നു. കാസര്‍കോട് ജില്ലയിലും കടല്‍ക്ഷോഭവും മഴയും ശക്തമായി തുടരുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലും പലയിടങ്ങളിലായി നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ALSO WATCH

 

Most Popular