ദലിത് വിദ്യാര്‍ഥിയുടെ മരണം ആത്മഹത്യയാക്കി പൊലീസ്; വാഴയുടെ ഉണങ്ങിയ ഇലയില്‍ തൂങ്ങി മരിച്ചെന്ന് അന്വേഷണ റിപോര്‍ട്ട്

Dalit student Suicide kollam

കൊല്ലം: കൊല്ലം ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദലിത് വിദ്യാര്‍ഥിയുടെ മരണം ആത്ഹത്യയാക്കി എഴുതിത്തള്ളി പോലിസ്. കുട്ടി വാഴയുടെ ഉണങ്ങിയ ഇലയില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 14 വയസുള്ള കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിക്കാതെയാണ് സംഭവം ആത്ഹത്യയാണെന്ന് പോലിസ് ഉറപ്പിച്ചിരിക്കന്നത്. സംഭവത്തില്‍ പട്ടികജാതി കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

ഇക്കഴിഞ്ഞ ഡിസംബര്‍ 19 നാണ് കൊല്ലം ജില്ലയിലെ ഏരൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിജീഷ് ബാബു എന്ന 14കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണങ്ങിയ വാഴ ഇലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതശരീരം. കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്. ഇതെങ്ങനെ വന്നെന്ന് ഏരൂര്‍ പൊലീസ് പറഞ്ഞില്ല. പകരം തൂങ്ങിമരണം ആണെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു.

വാഴയിലെ ഉണങ്ങിയ ഇലയിലാണ് കഴുത്ത് കുരുക്കിയിരിക്കുന്നത്. കുട്ടിയ്ക്കും വാഴയ്ക്കും ഈ സമയം ഒരേ പൊക്കമാണെന്നും ഇന്‍ക്വസ്റ്റില്‍ ഏരൂര്‍ പൊലീസ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടിയതായി പട്ടികജാതി കമ്മീഷന്‍ അറിയിച്ചു.