Sunday, June 20, 2021
Home News Kerala ബാങ്കിന് മുന്നിലെ ഗ്ലാസ് പൊട്ടി യുവതിയുടെ വയറ്റില്‍ തുളച്ചു കയറി; 100 മീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍...

ബാങ്കിന് മുന്നിലെ ഗ്ലാസ് പൊട്ടി യുവതിയുടെ വയറ്റില്‍ തുളച്ചു കയറി; 100 മീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു

എറണാകുളം: പെരുമ്പാവൂരില്‍ ബാങ്കിന് മുന്നിലെ വാതിലില്‍ ഇടിച്ച് ഗ്ലാസ് പൊട്ടി വീണ് യുവതി മരിച്ചു. ചില്ല് വയറില്‍ തുളച്ച് കയറിയാണ് കൂവപ്പാടി ചേലക്കാട്ടില്‍ നോബിയുടെ ഭാര്യ ബീന മരിച്ചത്. പെരുമ്പാവൂര്‍ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ബാലന്‍സ് തെറ്റി തറയില്‍ വീണപ്പോള്‍ അവിടെ പൊട്ടിക്കിടന്നിരുന്ന ചില്ല് വയറ്റില്‍ തറഞ്ഞ് കയറിയതായാണ് പ്രാഥമികനിഗമനം. രക്തം കുതിച്ചൊഴുകുന്ന നിലയില്‍ ഏതാണ്ട് 100 മീറ്റര്‍ അകലെയുള്ള പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ഇവരെ എത്തിച്ചപ്പോഴേയ്ക്ക് മരിച്ചിരുന്നു.

ബാങ്കില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബീന എത്തിയത്. ക്യൂവില്‍ നില്‍ക്കുന്നതിന് തൊട്ടുമുമ്പ് പേഴ്‌സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. പെട്ടെന്ന് ക്യൂവിലേക്ക് തിരികെ വരാനായി ഓടുകയായിരുന്നു ബീന എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഓടിയ ബീന ബാങ്കിന് മുന്‍വശത്തെ ഗ്ലാസില്‍ ഇടിച്ച് വീണു. പൊട്ടി വീണ ഗ്ലാസിന്റെ ചില്ല് ബീനയുടെ വയറിലാണ് തുളച്ച് കയറിയത്.

പൊട്ടിക്കിടന്ന ചില്ലില്‍ കൈ കുത്തി ബീന പതുക്കെ എഴുന്നേറ്റ് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. അപ്പോഴേക്ക് ബാങ്ക് ജീവനക്കാരും ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരും ഓടിയെത്തിയിരുന്നു. ഇവരെ താങ്ങിപ്പിടിച്ച് കസേരയിലേക്ക് മാറ്റുമ്പോഴേക്കും വലിയ രക്തസ്രാവം ഉണ്ടായിരുന്നു. ചോര വീഴുന്നത് കണ്ട് ബാങ്ക് ജീവനക്കാര്‍ ഇവരെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. നൂറ് മീറ്റര്‍ മാത്രം അകലെ ആശുപത്രിയുണ്ടായിരുന്നിട്ടും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

ബാങ്കിന് മുന്നിലെ ചില്ലിന് കട്ടി കുറവായയതാണ് എളുപ്പത്തില്‍ പൊട്ടാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും.


 

Most Popular