Thursday, January 27, 2022
HomeNewsKeralaജിഫ്രി തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത്‌ നോക്കിനില്‍ക്കാനാവില്ലെന്ന് എസ്‌കെഎസ്എസ്എഫ്

ജിഫ്രി തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത്‌ നോക്കിനില്‍ക്കാനാവില്ലെന്ന് എസ്‌കെഎസ്എസ്എഫ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ചും സമൂഹമാധ്യങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്നത് നോക്കിനില്‍ക്കാനാവില്ലെന്ന് എസ്‌കെഎസ്എസ്എഫ്. സാമുദായിക വിഷയങ്ങളില്‍ സത്യസന്ധമായി ഇടപെടുന്നവര്‍ക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയര്‍ത്തുന്നത് സമുദായം തിരിച്ചറിയണമെന്നും എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സമസ്തയും കീഴ്ഘടകങ്ങളും ഓരോ വിഷയങ്ങളിലും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകിച്ചുമാണ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുന്നത്. അതില്‍ അനാവശ്യ വിവാദമുണ്ടാക്കി സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു തനിക്ക് വധഭീഷണി ഉണ്ടെന്ന് ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തല്‍. ചെമ്പരിക്ക ഖാസിയുടെ ഗതിയുണ്ടാവുമെന്നായിരുന്നു ഭീഷണി. ചെമ്പരിക്ക ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയെ ദുരൂഹസാഹചര്യത്തില്‍ കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം, ജിഫ്രി തങ്ങള്‍ക്കെതിരായ ഭീഷണിക്ക് പിന്നില്‍ ലീഗാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. തങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷ ഏര്‍പ്പാടാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാനും വ്യക്തമാക്കിയിരുന്നു.

 

Most Popular