കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ചലച്ചിത്ര അഭിനേതാക്കളെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് കുമ്മനം രാജശേഖരനും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ക്കും ചുട്ട മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍.
പ്രബുദ്ധ ജനതയുള്ള കേരളത്തില്‍ ബിജെപി കുരച്ചിട്ട് കാര്യമില്ലെന്നും അടിയന്തരാവസ്ഥയ്‌ക്കെതിരേ സമരം ചെയ്ത തന്നെ ഭയപ്പെടുത്താന്‍ ബിജെപി വളര്‍ന്നിട്ടില്ലെന്നും കമല്‍ പറഞ്ഞു.
പ്രതികരിക്കുന്നവര്‍ക്കെതിരേ ആദായ നികുതി വകുപ്പ് നടപടി വരുമെന്ന രീതിയിലുള്ള പ്രസംഗത്തിനു മറുപടിയായി, സന്ദീപ് വാര്യര്‍ എന്നാണ് ആദായ നികുതി വകുപ്പ് കമ്മിഷണര്‍ ആയതെന്ന് കമല്‍ ചോദിച്ചു. ജനങ്ങളുടെ ദേശസ്‌നേഹം അളക്കുന്ന യന്ത്രം ബിജെപിയുടെ കൈയില്‍ ഉണ്ടോയെന്നും ചോദിച്ചു.
”സത്യം പുറത്തേക്കു വരികയാണ്. ഇതെന്തു തരം ഭീഷണിയാണ്? ഇത്രയും നാള്‍ ആദായനികുതിയുടെ പേരില്‍ ആളുകളെ പിടിച്ചുവച്ചത് അപ്പോള്‍ ഇവര്‍ക്കെതിരെ സംസാരിച്ചതുകൊണ്ടാണോ? സത്യത്തില്‍ പ്രതിഷേധിക്കാന്‍ വൈകിപ്പോയെന്നാണ് ഞങ്ങളുടെ ഒക്കെ അഭിപ്രായം. ഇന്ത്യ മുഴുവന്‍ വിദ്യാര്‍ഥികളും യുവജനങ്ങളും രാഷ്ട്രീയ സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് ഞങ്ങളും ചെയ്തത്. കാരണം ഞങ്ങള്‍ ഇന്ത്യയിലെ പൗരന്‍മാരാണ്. ഞങ്ങളുടെ പൂര്‍വികര്‍ ഇവിടെ ജനിച്ച് ജീവിച്ച് മരിച്ചവരാണ്.’
‘ഞാനൊരു മുസ്ലിം ആയതുകൊണ്ട് തന്നെ എന്നോട് പാകിസ്താനിലേക്ക് പോകാന്‍ നിരന്തരം ബിജെപിക്കാര്‍ പറയാറുണ്ട്. ഓരോ തവണയും എന്റെ സിനിമകളിലൂടെ ഞാന്‍ കമല്‍ ആണെന്ന് പറയുമ്പോള്‍, അവരെന്നെ കമാലുദ്ദീന്‍ എന്ന് വിളിച്ചുകൊണ്ടിരിക്കും. അങ്ങനെ വിളിക്കാനുള്ളതൊക്കെ അവരുടെ സ്വാതന്ത്ര്യമാണ്. പക്ഷെ ഞാന്‍ പാകിസ്താനിലേക്ക് പോകണോ ബംഗ്ലാദേശിലേക്ക് പോകണോയെന്നതു തീരുമാനിക്കേണ്ടതു ഞാനാണ്, അല്ലാതെ അവരല്ല,” കമല്‍ പറഞ്ഞു.
മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ ‘രാഷ്ട്രീയ പ്രതികാരം’ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ പ്രതിഷേധത്തിനിറങ്ങിയ സിനിമാതാരങ്ങള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും രാജ്യസ്നേഹമില്ലെന്നും താരങ്ങളുടെ ദേശസ്നേഹം വെറും അഭിനയമാണെന്നും കുമ്മനം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ ഭയക്കുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് കമല്‍ ചൂണ്ടിക്കാട്ടി.
”സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നോ കലാകാരന്മാരുടെ ഭാഗത്തു നിന്നോ ഒരു പ്രതിഷേധമുണ്ടാകുമ്പോള്‍ വളരെ രൂക്ഷമായാണ് ബിജെപി പ്രതികരിക്കുന്നത്. ഉടന്‍ തന്നെ ഞങ്ങളെ അര്‍ബന്‍ നക്‌സല്‍സ് എന്ന് വിളിക്കും. ഈ വിളിക്കുന്നവരൊക്കെ അര്‍ബന്‍ നാസികളാണ് എന്നതാണ് സത്യം. അത് ഞാന്‍ ആവര്‍ത്തിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ വിയോജിപ്പുള്ളവരാണ് ഞങ്ങള്‍. അത് പ്രകടിപ്പിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്,” കമല്‍ പറഞ്ഞു.
‘കേരളത്തിലിരുന്നുകൊണ്ട് ഇവരിങ്ങനെ കുരച്ചിട്ട് കാര്യമില്ല. കേരളത്തില്‍ ഇവര്‍ ഉണ്ടാക്കുമെന്നു പറയുന്ന സ്വാധീനത്തിന്റെ അടിവേരിനാണ് ഇപ്പോള്‍ അടികൊണ്ടിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് നമ്മള്‍ കണ്ടതാണ്. ശബരിമല പ്രശ്‌നം നടക്കുമ്പോള്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് പറഞ്ഞിറങ്ങിയ ബിജെപിക്കാര്‍ വിചാരിച്ചത് ഉത്തരേന്ത്യയിലെ പോലെ എളുപ്പത്തില്‍ ഇവിടെ വേരുറപ്പിക്കാമെന്നാണ്. പക്ഷെ പ്രബുദ്ധരായ ആളുകളുള്ള? ഇടമാണ് കേരളം. വര്‍ഗീയത പറഞ്ഞിറങ്ങിയാല്‍ ഇവിടെ അത് നടക്കില്ല. അവര്‍ നമ്മളെ അര്‍ബന്‍ നക്‌സല്‍സ് എന്ന് വിളിക്കുമ്പോള്‍, തിരിച്ചവരെ ഹിന്ദുത്വ തീവ്രവാദി എന്നു പോലും വിളിച്ചാല്‍ പോര. മനുഷ്യന്‍ എന്ന് പോലും ഇവരെ സംബോധന ചെയ്യാന്‍ അറപ്പ് തോന്നുന്നു. പുച്ഛത്തോടെ തള്ളിക്കളയുകയാണ് ഇവരെയൊക്കെ,” കമല്‍ പറഞ്ഞു.
വിദ്യാര്‍ഥിയായിക്കുന്ന കാലത്ത് അടിയന്തരാവസ്ഥയ്ക്കെതിരെ സമരം ചെയ്ത തന്നെപ്പോലുള്ള ആളുകളെ ഭയപ്പെടുത്താന്‍ ബിജെപി ശ്രമിക്കരുത്. ഇന്ത്യയെന്ന വികാരത്തെ ഹിന്ദുത്വ വാദികളില്‍നിന്നും യഥാര്‍ഥ ദേശസ്‌നേഹികള്‍ തിരിച്ചുപിടിക്കുന്ന കാലമാണിത്.
”അവര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും ഇന്ത്യയെന്ന ആശയത്തോട് കൂടുതല്‍ ആഭിമുഖ്യം തോന്നുകയാണ്. ഇടക്കാലത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന് ഭയപ്പെട്ടിരുന്ന മതേതരത്വം, ഇന്ത്യന്‍ ദേശീയത എന്നിവയെ നമ്മള്‍ തിരിച്ചുപിടിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ച് അവബോധം ഇല്ലാതിരുന്ന ഒരു യുവസമൂഹത്തെ അത് ബോധ്യപ്പെടുത്താന്‍ ഈ സമരത്തിന് സാധിച്ചിട്ടുണ്ട്. അതിനെയാണ് ബിജെപി ഭയക്കുന്നത്”-കമല്‍ പറഞ്ഞു.