Thursday, December 2, 2021
HomeNewsKerala1500 രൂപയെച്ചൊല്ലി തര്‍ക്കം; യുവാവിനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

1500 രൂപയെച്ചൊല്ലി തര്‍ക്കം; യുവാവിനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി

കൊല്ലം: കുണ്ടറ കേരളപുരത്ത് 1500 രൂപയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. കേസില്‍ അയല്‍വാസി അറസ്റ്റില്‍. പെനിയേല്‍ സ്‌കൂളിനു സമീപം ഒറ്റയ്ക്കുതാമസിച്ചുവന്ന സുനില്‍ കുമാറിനെ കൊലപ്പെടുത്തിയ സാംസണെയാണ് പോലിസ് പിടികൂടിയത്. പ്രതിയുടെ കീശയിലുണ്ടായിരുന്ന ആയിരത്തി അഞ്ഞൂറ് രൂപ എടുത്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.

കോട്ടൂര്‍ വീട്ടില്‍ ഒറ്റയ്ക്കുതാമസിച്ചിരുന്ന 39 കാരനായ സുനില്‍ കുമാറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ സുനില്‍കുമാര്‍ രക്തത്തില്‍ക്കുളിച്ചു കിടക്കുന്നതായി അയല്‍വാസിയും സുഹൃത്തുമായ സാംസണ്‍ പോലിസിനെ അറിയിക്കുകയായിരുന്നു. ബഹളംകേട്ടെത്തിയപ്പോള്‍ നാലുപേര്‍ ഇറങ്ങിയോടുന്നത് കണ്ടെന്നും സാംസണ്‍ പോലിസിനോടു പറഞ്ഞു.

എന്നാല്‍, ചോദ്യം ചെയ്യലില്‍ പരസ്പര ബന്ധമില്ലാത്ത ഉത്തരങ്ങള്‍ പറഞ്ഞതോടെ പോലിസ് സാംസണെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിച്ചു. കൊലയിലേക്ക് നയിച്ച കാരണങ്ങള്‍ പോലിസ് വിവരിക്കുന്നത് ഇങ്ങനെയാണ്.

മദ്യലഹരിയില്‍ ഇരുന്ന സാംസന്റെ പോക്കറ്റിലുണ്ടായിരുന്ന 1500 രൂപ സുനില്‍കുമാര്‍ എടുത്തു. മദ്യലഹരിയില്‍ പണം എവിടെയെങ്കിലും കളയുമെന്നും രാവിലെ നല്‍കാമെന്നും പറഞ്ഞു സുനില്‍കുമാര്‍ വീട്ടിലേക്ക് പോയി. പിന്നാലെ സുനില്‍കുമാറിന്റെ വീട്ടിലെത്തിയ സാംസണ്‍ തന്റെ കീശയില്‍ നിന്നെടുത്ത പണം ആവശ്യപ്പെട്ടു. വാക്കുതര്‍ക്കത്തിനിടെ സുനില്‍കുമാര്‍ വീട്ടിനുള്ളില്‍നിന്ന് കത്തിയുമായെത്തി. പിടിവലിക്കിടെ സാംസണ്‍ കത്തി പിടിച്ചുവാങ്ങി സുനില്‍കുമാറിനെ കുത്തുകയായിരുന്നു.

സുനില്‍കുമാര്‍ മരിച്ചെന്നു മനസിലാക്കിയ പ്രതി തൊട്ടടുത്തുള്ള സ്വന്തം വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറി. രാത്രിയോടെ വീണ്ടും സുനില്‍കുമാറിന്റെ വീട്ടിലെത്തി സമീപവാസികളെ വിളിച്ചു വരുത്തി സുനില്‍ കുമാര്‍ വെട്ടേറ്റ് കിടക്കുന്നു എന്ന് പറഞ്ഞശേഷം പോലിസില്‍ അറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ക്കും സംശയം തോന്നിയില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസാണ് സാംസന്റെ മൊഴിയിലെ പൊരുത്തക്കേടുകളില്‍ വിശദമായ അന്വേഷണം നടത്തി കൊലപാതകം തെളിയിച്ചത്.
ALSO WATCH

Most Popular