Monday, October 25, 2021
HomeNewsKeralaഅള്‍ത്താരകള്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

അള്‍ത്താരകള്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിക്കരുതെന്ന് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കേരളത്തില്‍ ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വര്‍ഗീയ പ്രസംഗത്തിനെതിരെ പ്രതികരിക്കുകയായിരുന്നുമാര്‍ മാര്‍ കൂറിലോസ്.

‘സുവിശേഷം സ്‌നേഹത്തിന്‍േറതാണ്, വിദ്വേഷത്തിന്‍േറതല്ല. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണം. തര്‍ക്കങ്ങള്‍ക്കായി പ്രഭാഷണങ്ങള്‍ ദുരുപയോഗം ചെയ്യരുത്’ -മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മാര്‍ കൂറിലോസ് അഭിനന്ദിച്ചു.

പാലാ ബിഷപ്പിനെ പിന്തുണച്ച് രൂപതയും ദീപികയും
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന ഏതെങ്കിലുമൊരു സമുദായത്തിന് എതിരല്ലെന്ന് പാലാ രൂപത. സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ബിഷപ്പ് നല്‍കിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നും ജേക്കബ് മുരിക്കന്‍ പറഞ്ഞു.

ഇത് ഏതെങ്കിലുമൊരു സമുദായത്തിന് എതിരല്ല. എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതുസാഹചര്യമാണ്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രസ്താവന വ്യക്തമാക്കി. ഇരിങ്ങാലക്കുട രൂപതയും ദീപിക പത്രവും ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തിയിയിരുന്നു.

അപ്രിയസത്യങ്ങള്‍ ആരും പറയരുതെന്നോ എന്ന തലവാചകത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ദീപിക ബിഷപ്പിനെ പിന്തുണച്ചിരിക്കുന്നത്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശം വിവാദമാക്കാന്‍ ചിലര്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

 

Most Popular