Wednesday, June 23, 2021
Home News Kerala പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തി; ഉത്രയെ കടിച്ചത് കരിമൂര്‍ഖന്‍ തന്നെ

പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തി; ഉത്രയെ കടിച്ചത് കരിമൂര്‍ഖന്‍ തന്നെ

കൊല്ലം: ഉത്രയെ കടിച്ചത് കരിമൂര്‍ഖന്‍ തന്നെയെന്ന് സ്ഥിരീകരിച്ചതായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. പാമ്പിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കേസിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വിഷപ്പല്ല് ഉള്‍പ്പടെയുള്ള തെളിവുകളാണ് ലഭിച്ചത്. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന വിഷവും ചത്ത പാമ്പിന്റെ വിഷവും ഒന്നാണോ എന്നതടക്കം കണ്ടെത്താനാണ് സംസ്ഥാനത്ത് ആദ്യമായി, കൊലപാതകം തെളിയിക്കാന്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ഉത്രയെ കടിച്ച കരിമൂര്‍ഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു. ഇതിനെയാണ് ഇപ്പോള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ചിത്രങ്ങളില്‍ കണ്ട പാമ്പാണോ ഇത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചു. പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം.

ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും ഒത്തുനോക്കിയാണ് വിവരങ്ങള്‍ സ്ഥിരീകരിച്ചത്. പാമ്പിന്റെ നീളം, പല്ലുകളുടെ അകലം എന്നിവയും പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പരിശോധനാവിധേയമാക്കി. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന കടിയുടെ ആഴം മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം.

അതേസമയം, പാമ്പിനെ മുറിയില്‍ ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. ഇതിനായി ഫോറന്‍സിക് വിഭാഗത്തെ കൂടാതെ വെറ്ററിനറി വിഭാഗം, വനം പൊലീസ് വകുപ്പുകള്‍ സംയുക്തമായി വീട്ടില്‍ പരിശോധന നടത്തും. ഇതിനിടെ സൂരജിന്റെ രണ്ട് സുഹൃത്തുക്കളെ കൂടി ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. സൂരജിനേയും സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനേയും നാളെ അടൂരില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

ഉത്രയുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പാട്ടിക്കാണെന്നും റിപോര്‍ട്ടിലുണ്ട്. ഫെബ്രവരി 12 നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഫോണിലൂടെ പഠിച്ചു. 17,000 രൂപ നല്‍കിയാണ് സുരേഷില്‍ നിന്ന് സൂരജ് രണ്ട് പാമ്പുകളെ വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

cobra snake bite caused death of uthra, doctors confirmed


 

Most Popular