Monday, July 26, 2021
Home News Kerala വൈദ്യുതി കമ്പി കടിച്ചു മാറ്റി മുന്നില്‍ നിന്ന് തടഞ്ഞു; ജീവന്‍ കൊടുത്ത് യജമാനനെ മരണത്തില്‍ നിന്ന്...

വൈദ്യുതി കമ്പി കടിച്ചു മാറ്റി മുന്നില്‍ നിന്ന് തടഞ്ഞു; ജീവന്‍ കൊടുത്ത് യജമാനനെ മരണത്തില്‍ നിന്ന് രക്ഷിച്ച് അപ്പൂസ്

കോട്ടയം: പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് തെറിച്ചുവീണെങ്കിലും യജമാനനെ രക്ഷിക്കാനുള്ള രണ്ടാം പരിശ്രമത്തില്‍ അപ്പൂസ് മരണത്തിന് കീഴടങ്ങി. ചാമംപതാല്‍ വാഴപ്പള്ളി വിജയന്റെ മകന്‍ അജേഷിനാണ്(32) വളര്‍ത്തുനായയുടെ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയത്.

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് അജേഷ് സമീപത്തെ വീട്ടിലേക്ക് പാല്‍ വാങ്ങാനായി ഇറങ്ങിയത്. അജേഷിനൊപ്പം അപ്പൂസും കൂടി. ഇടവഴിയിലൂടെ നടന്നിറങ്ങുമ്പോള്‍ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് അപ്പൂസ് പത്തടിയോളം ദൂരെ തെറിച്ചുവീണു. അജേഷ് ഓടിയെത്തിയപ്പോള്‍ മുമ്പോട്ടുവിടാതെ കുരച്ചുകൊണ്ട് തടഞ്ഞു. പിന്നെ ചാടിയെത്തി കമ്പി കടിച്ചെടുത്ത് നീക്കിയിട്ടു. കടിച്ചുപിടിച്ച കമ്പിയുമായി വീണ അപ്പൂസ് പിന്നെ എഴുന്നേറ്റില്ല.

ഉടന്‍തന്നെ അജേഷ് അയല്‍വാസികളെയും കെഎസ്ഇബി ഓഫീസിലും വിവരമറിയിച്ചു. അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമാണ് നായയുടെ ജഡം മാറ്റിയത്. ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പുനര്‍ജന്മം നല്‍കിയ വളര്‍ത്തുനായ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന വിഷമത്തിലാണ് അജേഷും കുടുംബവും.

Most Popular