കൊറോണയുടെ പേരില്‍ പ്രവാസികളെ അപഹസിക്കരുതെന്ന് മുഖ്യമന്ത്രി; അവരുടെ വിയര്‍പ്പിന്റെ കാശിലാണ് കേരളം കഞ്ഞി കുടിച്ചിരുന്നത്

corona in kerala and nri

തിരുവന്തപുരം: കൊറോണ രോഗത്തിന്റെ പേരില്‍ പ്രവാസികളെ അപഹസിക്കാന്‍ പാടില്ലെന്ന് മുഖ്യമന്തി. രോഗം വരുന്നതിന് വ്യക്തിയെ കുറ്റപ്പെടുത്താനാകില്ല. മണലാര്യണ്യത്തില്‍ കഠിനമായി അധ്വാനിച്ചവരാണ് പ്രവാസികള്‍. അവരുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ നാട് ലോകത്താകെ വ്യാപിച്ച് കിടക്കുകയാണ്. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെയുണ്ട്. അവര്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ചു. അവരുടെ വിയര്‍പ്പിന്റെ കാശിലാണ് നാം കഞ്ഞികുടിച്ചത്. നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍’-മുഖ്യമന്ത്രി പറഞ്ഞു.
അവര്‍ പോയ നാടുകളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവര്‍ സ്വാഭാവികമായും നാട്ടിലേക്ക് തിരിച്ച് വരാന്‍ ന്യായമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് ഉണ്ടായത്. ഇക്കാരണത്താല്‍ നമ്മുടെ നാട്ടിലെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരു തരത്തിലും അപഹസിക്കാനോ ഈര്‍ഷ്യയോടെ കാണാനോ പാടില്ല. ഇത് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായും നാട്ടിലുള്ള കുടുംബത്തെ കുറിച്ച് ആശങ്കയുണ്ടാകും.
അത്തരത്തില്‍ ആര്‍ക്കും ഉത്കണ്ഠ വേണ്ട. നിങ്ങള്‍ അവിടെ സുരക്ഷിതമായി കഴിയുക, സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കുക. നിങ്ങളുടെ കുടുംബം സുരക്ഷിതമായിരിക്കും.
ഈ നാട് എന്നും നിങ്ങളോടൊപ്പമുണ്ടെന്ന് പ്രവാസികള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു

ഗള്‍ഫില്‍ നിന്നെത്തിയ നിരവധി പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ക്കെതിരേ വംശീയമായ രീതിയിലുള്ള ആക്ഷേപം വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കാസര്‍കോഡ് ഇപ്പോഴും സാമൂഹിക വ്യാപനം ഉണ്ടെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേ ചാനല്‍ നിരക്ക് ഒഴിവാക്കണമെന്ന് ചാനല്‍ മേധാവിമാരോട് അഭ്യര്‍ത്ഥിക്കുന്നുതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dont blame nri they are our back bone says cm amid covid outbreak