Wednesday, September 22, 2021
Home News Kerala കൊറോണ: വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി

കൊറോണ: വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തുന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 60 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇക്കാര്യത്തില്‍ പ്രത്യേക ഭയപ്പാടിന്റെ അടിസ്ഥാനമില്ല. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള ചില പ്രചരണങ്ങള്‍ നടക്കുന്നതായി കാണുന്നു. തബ് ലീഗ് സമ്മേളനത്തെക്കുറിച്ചും അതില്‍ പങ്കെടുത്തവരെക്കുറിച്ചും അവരുടെ മതത്തെക്കുറിച്ചും അസഹിഷ്ണുതയോടെയുള്ള പ്രചരണം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നു.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശം വരുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ സംസ്ഥാന വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പ് നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല. കൊറോണ വൈറസ് മതം നോക്കി ബാധിക്കുന്ന ഒന്നല്ല. അതിനാല്‍ നമ്മള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular