Friday, September 17, 2021
Home News Kerala കൊല്ലത്ത് ദൃശ്യം മോഡല്‍ കൊല; ജ്യേഷ്ഠനെ കൊന്നു കൂഴിച്ചുമൂടി; വിവരം പുറത്തുവന്നത് രണ്ടു വര്‍ഷത്തിന് ശേഷം

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊല; ജ്യേഷ്ഠനെ കൊന്നു കൂഴിച്ചുമൂടി; വിവരം പുറത്തുവന്നത് രണ്ടു വര്‍ഷത്തിന് ശേഷം

കൊല്ലം: ദൃശ്യം സിനിമയുടെ മാതൃകയില്‍ അനുജന്‍ ജ്യേഷ്ഠനെ കൊന്നു കുഴിച്ചുമൂടി. കൊല്ലം ഏരൂരില്‍ നടന്ന സംഭവം രണ്ടുവര്‍ഷത്തിന് ശേഷമാണ് പുറത്തുവന്നത്. ഏരൂര്‍ സ്വദേശിയായ ഷാജി പീറ്ററി(44)നെയാണ് അനുജന്‍ സജിന്‍ പീറ്റര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

ഷാജി പീറ്റര്‍ കൊല്ലപ്പെട്ട വിവരം ഇവര്‍ ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ഷാജിയെ അന്വേഷിച്ചവരോട് ഇയാള്‍ മലപ്പുറത്ത് ജോലി ചെയ്യുകയാണെന്ന് പറഞ്ഞു. ഏകദേശം രണ്ടരവര്‍ഷത്തോളം കൊലപാതകം രഹസ്യമാക്കി വെച്ചു.

അടുത്തിടെ സംശയം തോന്നിയ ഒരു ബന്ധുവാണ് പോലിസിന് വിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്നു അവിവാഹിതനായ ഷാജി പീറ്റര്‍. 2018-ലെ ഓണക്കാലത്താണ് ഇയാള്‍ കുടുംബവീട്ടില്‍ മടങ്ങിയെത്തിയത്. ഇതിനിടെ സജിന്‍ പീറ്ററിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ പീറ്റര്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.

സംഭവത്തില്‍ സജിന്‍ പീറ്റര്‍, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച പരിശോധന നടത്താനാണ് പോലിസിന്റെ തീരുമാനം.
ALSO WATCH

Most Popular