Friday, August 6, 2021
Home News Kerala ഡേറ്റിങ് വെബ്‌സൈറ്റുകളില്‍ സ്ത്രീകളെ തപ്പി നടക്കുന്നവര്‍ ജാഗ്രതൈ; ചതിക്കുഴികളെക്കുറിച്ച് ദുബൈ പോലിസിന്റെ മുന്നിറിയിപ്പ് വീഡിയോ

ഡേറ്റിങ് വെബ്‌സൈറ്റുകളില്‍ സ്ത്രീകളെ തപ്പി നടക്കുന്നവര്‍ ജാഗ്രതൈ; ചതിക്കുഴികളെക്കുറിച്ച് ദുബൈ പോലിസിന്റെ മുന്നിറിയിപ്പ് വീഡിയോ

ദുബൈ: ഡേറ്റിങ് വെബ്സൈറ്റുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ദുബൈ പോലിസ്. ആളുകളെ കെണിയില്‍ വീഴ്ത്താന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന പുതിയ രീതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം പകരാരുന്ന വീഡിയോ പോലിസ് പുറത്തിറക്കി.

ഡേറ്റിങ് വെബ്സൈറ്റുകള്‍ വഴി യുവാക്കളുമായി അടുപ്പം സ്ഥാപിച്ച് രഹസ്യമായി മസാജ് അടക്കമുള്ളവ വാഗ്ദാനം ചെയ്ത് കെണിയില്‍ പെടുത്തുന്ന സംഘങ്ങളെക്കുറിച്ച് പൊലീസ് മുന്നറിയിപ്പ് നല്‍കി. ലൈസന്‍സില്ലാതെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരം മസാജ് സെന്ററിലേക്ക് ആളുകളെ ക്ഷണിച്ച ശേഷം പണം തട്ടുകയും പിന്നീട് അവരെ ബ്ലാക്ക് മെയില്‍ ചെയ്യുകയുമാണ് ഇത്തരക്കാരുടെ രീതിയെന്നും വീഡിയോയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ പേരുകളില്‍ പ്രൊഫൈലുകള്‍ സൃഷ്ടിച്ച്, ഇരകളാകാന്‍ സാധ്യതയുള്ളവരെ ആകര്‍ഷിക്കും. പരിചയം സ്ഥാപിച്ച ശേഷം പിന്നീട് ഇവരെ അപ്പാര്‍ട്ട്മെന്റുകളിലേക്ക് ക്ഷണിക്കും. വിലാസം പരിശോധിച്ച് അവിടെ എത്തിയാല്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട ആളാകില്ല ഉണ്ടാവുക.

കൈവശമുള്ള പണവും കാര്‍ഡുകളും മൊബൈല്‍ ഫോണുകളും അടക്കം കൊള്ളയടിച്ച ശേഷം മോശമായ തരത്തിലുള്ള ഫോട്ടോകളുമെടുക്കും. കാര്‍ഡുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതുവരെ പുറത്തുവിടാതെ അവിടെത്തന്നെ പൂട്ടിയിടും. ഉള്ളതെല്ലാം മോഷ്ടിച്ച ശേഷം പുറത്തുവിടുമ്പോഴും പൊലീസില്‍ അറിയിച്ചാല്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. അടുത്ത കാലത്ത് ദുബൈയില്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നടന്നതിനെ തുടര്‍ന്നാണ് പോലിസ് വീഡിയോ പുറത്തിറക്കിയത്.

Most Popular